16 August Sunday

സിൻഡിക്കറ്റംഗങ്ങളെ ആക്രമിക്കാൻ എംഎസ്എഫ്–കെഎസ്‌യു ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

 

തേഞ്ഞിപ്പലം 
കലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കറ്റംഗങ്ങളെ ആക്രമിക്കാൻ എംഎസ്എഫ്–-കെഎസ് യു ശ്രമം. പൊലീസ് സമയോചിതമായി ഇടപെട്ടതിനാൽ പരിക്കേറ്റില്ല. 
സിൻഡിക്കറ്റംഗങ്ങളായ കെ കെ ഹനീഫ, അഡ്വ. ടോം കെ തോമസ് എന്നിവർക്കെതിരെയാണ് അക്രമ ശ്രമം നടന്നത്. ഡിഎസ് യു മാഗസിന്റെ പേരുപറഞ്ഞായിരുന്നു അക്രമികൾ എത്തിയതെങ്കിലും യൂനിവേഴ്സിറ്റി യൂണിയൻ ഭരണ ഘടനാ ഭേദഗതിയിലുള്ള അരിശം തീർക്കലായിരുന്നു ലക്ഷൃം. 
കഴിഞ്ഞ സിൻഡിക്കറ്റ് യോഗ ദിവസംതന്നെ ഭേദഗതി തയ്യാറാക്കിയ കമ്മിറ്റിയിലുണ്ടായിരുന്ന ഹനീഫയെയും ടോമിനെയും ക്യാമ്പസിലൂടെ നടത്തിക്കില്ലെന്ന് എംഎസ്എഫുകാർ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ ഭാഗമായായിരുന്നു വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഭരണവിഭാഗത്തിനകത്ത് കയറി സിൻഡിക്കറ്റംഗങ്ങളെ ആക്രമിക്കാൻ ശ്രമിച്ചത്‌.  രാവിലെ രജിസ്ട്രാറെയും എംഎസ്എഫുകാർ  തടഞ്ഞുവച്ചിരുന്നു. ഉച്ചക്ക്  സിൻഡിക്കറ്റംഗങ്ങളുമായി ചർച്ച ചെയ്യാമെന്ന് ധാരണയിലുമെത്തിയിരുന്നു. ഇതനുസരിച്ച് ഡിജിറ്റൽ സെക്യൂരിറ്റിയുടെ യോഗം കഴിഞ്ഞ് ചർച്ചക്കായി വരുമ്പോഴാണ് കൈയേറ്റ ശ്രമം.  ഇവർ കൊണ്ടുവന്ന പൂട്ടിട്ട് ഗേറ്റുകൾ പൂട്ടി. ഇതോടെ അസുഖമുള്ള സിൻഡിക്കറ്റംഗങ്ങൾവരെ പുറത്തിറങ്ങാനാവാതെ കുടുങ്ങി.  
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ക്യാമ്പസിൽ നിരന്തരം അക്രമങ്ങൾക്ക് നേതൃത്വം നൽകിയ, കായിക വിഭാഗത്തിലെ മുൻ എംഎസ്എഫുകാരുടെ നേതൃത്വത്തിൽ ബുധനാഴ്ച ഹോസ്റ്റലിൽ അക്രമം നടത്തിയിരുന്നു.  അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ യൂണിറ്റ് പ്രസിഡ​ന്റ് ആദർശ് അടക്കം രണ്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top