10 August Monday

വലയിലാവും മീനും പ്രതിയും

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019
 
പൊന്നാനി 
മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ച്‌ ആ തൊഴിലെടുത്ത്‌ വളർന്ന പി ജെ ആൽബർട്ട്‌ ഇന്ന്‌ തീരം കാക്കുന്ന പൊലീസ്‌ സ്‌റ്റേഷനിലെ എസ്‌ഐ. ആലപ്പുഴ മാരാരിക്കുളത്തെ പൊള്ളത്തൈ തീരത്ത് കടൽ ജിവിതം കണ്ട് വളർന്ന ജോസഫിന്റെ മകനാണ്‌ വർഷങ്ങൾക്കിപ്പുറം പൊന്നാനി തീരദേശ പൊലീസിലെ എസ്ഐ ആയത്‌. എസ്‌ഐ ആയെങ്കിലും കടലിനെയും മത്സ്യ ജീവിതത്തെയും കൈവിടാൻ ആൽബർട്ട്‌ ഒരുക്കമല്ല. ഒഴിവ്‌ കിട്ടുമ്പോൾ  ആലപ്പുഴയിൽനിന്ന്‌ കൊണ്ടുവന്ന പൊന്തുവള്ളത്തിൽ കയറി തുഴയെടുത്ത് ഉടക്ക് വലയും തോളിലിട്ട് കടലിലേക്കിറങ്ങുമ്പോൾ പൊന്നാനിയിലെ മത്സ്യ തൊഴിലാളികൾക്കും അത്ഭുതം.
ഡീസലോ ചെലവോ ഇല്ലാതെ സ്വന്തം അധ്വാനത്തിലൂടെ കടൽ മത്സ്യങ്ങളായ അയിലയും ഞണ്ടും വരമീനും തുടങ്ങി ആവോലി വരെ ആൽബർട്ടിന്റെ വലയിലാവും. വിൽപ്പനക്കായല്ല ഈ അധ്വാനം. 
  ചെറുപ്രായത്തിൽ തന്നെ കടലിനോട് മല്ലിട്ട് വളർന്നതിന്റെ ആവേശവും അതിനോടുള്ള ഇഷ്‌ടവുമാണ്‌ പിന്നിൽ. കിട്ടുന്ന മത്സ്യത്തിൽനിന്ന് ആവശ്യത്തിന് എടുത്തശേഷം ബാക്കി സുഹൃത്തുക്കൾക്ക് നൽകും.
കടൽ മത്സ്യങ്ങൾ മാത്രമല്ല, നല്ല പുഴ മീനുകൾക്കായി ഭാരതപ്പുഴയിലും ആൽബർട്ട്‌ വലവിരിക്കും. പാലക്കാട് ഗവ. ഐടിഐയിൽ പഠിക്കുന്ന മകൻ അതുലും ഒഴിവുസമയങ്ങളിൽ സഹായിയായി ഉണ്ടാകും. 
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒഴിവുകാലത്ത്‌ അച്ഛന്റെ കൈ പിടിച്ചാണ് കടലിലേക്കിറങ്ങിയത്.  വല വലിക്കാൻ ഒപ്പം കൂടി. വലിയ ആളുകൾക്ക് കിട്ടിയതിന്റെ പകുതി കൂലിയാണ്‌ അന്ന്‌ കിട്ടിയത്‌. അങ്ങനെ കിട്ടിയ തുകയിൽനിന്നാണ് യൂണിഫോമും പുസ്തകങ്ങളും വാങ്ങിയത്.
ഇരുപത്തിരണ്ടാം വയസിലാണ്  പൊലീസ്‌ സേനയുടെ ഭാഗമാകുന്നത്‌. എംഎസ്പിയിലായിരുന്നു തുടക്കം.  2016ൽ എഎസ്ഐ ആയി പ്രൊമോഷൻ കിട്ടി.  കടൽ ജീവിതത്തിന്റെ ദുരിതങ്ങൾ ഏറെ കണ്ട ആൽബർട്ട് തീര ജീവിതത്തെ കൈപിടിച്ചുയർത്താൻ സ്വന്തം നിലയിലും ഔദ്യോഗിക തലത്തിലും  മുന്നിലുണ്ട്.  മത്സ്യത്തൊഴിലാളികളുടെ മക്കളെ സർക്കാർ സർവീസിന് പ്രാപ്തമാക്കാൻ തീര സൗഹൃദം എന്ന പരിപാടിക്ക്‌ പൊന്നാനിയിൽ തുടക്കം കുറിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top