16 January Saturday
◆ഉരുള്‍പൊട്ടല്‍ ◆വെള്ളപ്പൊക്കം ◆കൃഷിനാശം

ദുരിതപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

 മലപ്പുറം

ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ചാലിയാറും കടലുണ്ടിപ്പുഴയും ഭാരതപ്പുഴയും തൂതപ്പുഴയും നിറഞ്ഞു. പോഷക നദികളിലും ജലനിരപ്പ്‌ ക്രമാതീതമായി ഉയർന്നതോടെ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായി. 
കനത്ത മഴയോടെപ്പം ആഞ്ഞുവീശിയ കാറ്റിൽ വ്യാപകനാശം വിതച്ചു. കാറ്റിൽ കടപുഴകിയ മരക്കൊമ്പ്‌ മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ്‌ മലപ്പുറം മേൽമുറിയിൽ യുവാവ്‌ മരിച്ചു. ജില്ലയിൽ നിരവധി വീടുകളും കൃഷിയിടങ്ങളും തകർന്നു. മരങ്ങൾ കടപുഴകി വീണതോടെ ദേശീയപാതയിൽ ഉൾപ്പെടെ പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു.  ഗ്രാമീണ മേഖലയിലും ഗതാഗാത തടസ്സമുണ്ടായി.  മിക്കയിടങ്ങളിലും  വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടു.
നിലമ്പൂർ താലൂക്കിൽ റവന്യു വകുപ്പ്  സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. ഉരുൾപൊട്ടൽ സാധ്യതയടക്കം കണക്കിലെടുത്താണ് മുന്നൊരുക്കം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായി. 
ഊർങ്ങാട്ടിരി പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വെണ്ടേക്കുംപൊയിൽ സാംസ്ക്കാരിക കേന്ദ്രത്തിലാണ് ക്യാമ്പ്. രണ്ട് കുടുംബങ്ങളിൽനിന്നായി ഏഴുപേരാണ് ക്യാമ്പിലുള്ളത്. ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാലാണ് കുടുംബത്തെ മാറ്റിയത്. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ എടവണ്ണ, കീഴുപറമ്പ് പഞ്ചായത്തുകളിലായി രണ്ട് ബോട്ടുകൾ എത്തിച്ചു. താനൂരിൽനിന്നാണ് ബോട്ടുകൾ എത്തിച്ചത്. ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും സംഭരിക്കുന്നതിനായി മൂന്ന് മേഖലകളിലായി മൂന്ന് ഗോഡൗണുകളും ഒരുക്കി.   
പെരിന്തൽമണ്ണ താലൂക്കിൽ  മഴ വ്യാപക നാശംവിതച്ചു. തൂതപ്പുഴ കരകവിഞ്ഞു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലെ 200ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ  പുനരധിവാസ ക്യാമ്പുകളൊരുക്കി. വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെ കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 20 സെ​ന്റീമീറ്ററോളം തുറന്നു. ഇതോടെ തൂതപ്പുഴയിലെ ജലവിതാനം ഉയർന്ന് കരകവിഞ്ഞു. ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലെ വീടുകൾ പ്രളയഭീഷണിയിലായി.      
തിരൂരങ്ങാടിയിലും പരിസരങ്ങളിലും  കനത്ത നാശനഷ്ടമുണ്ടായി. നിരവധിയിടങ്ങളിൽ തെങ്ങും മരങ്ങളും കടപുഴകി വീണു.      
പല സ്ഥലങ്ങളിലും വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു.   ദേശീയ-പാത വട്ടപ്പാറയിൽ മരങ്ങൾ കടപുഴകി  ഗതാഗതം തടസ്സപ്പെട്ടു. വെട്ടത്തൂർ, മേലാറ്റൂർ, കീഴാറ്റൂർ പഞ്ചയത്തുകളിൽ വ്യാപക കൃഷിനാശമുണ്ടായി.  
നിലമ്പൂർ–-ഷൊർണൂർ റെയിൽവേ ട്രാക്കിൽ പട്ടിക്കാട് സ്റ്റേഷനുസമീപം  പൊട്ടിവീണ തേക്ക് റെയിൽവേ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നാട്ടുകാർ വെട്ടിമാറ്റി. 
 തിരുവാലി കുളക്കാട്ടിരി മേഖലയിൽ  നൂറോളം  റബർ മരങ്ങൾ കടപുഴകി വീണു.  ചങ്ങരംകുളം, എടപ്പാൾ മേഖലകളിൽ വ്യാപക നാശമുണ്ടായി.
 
 
ആഢ്യൻപാറ പന്തീരായിരം വനത്തിൽ  ഉരുൾപൊട്ടി 
നിലമ്പൂർ 
കനത്ത മഴയെത്തുടർന്ന് നിലമ്പൂർ പന്തീരായിരം വനമേഖലയിൽ  ഉരുൾപൊട്ടൽ. ചാലിയാർ പഞ്ചായത്തിലെ ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയുടെ മേൽഭാഗത്ത് വെള്ളരി മലയടിവാരത്താണ് ഉരുൾപൊട്ടിയത്. 
ഉരുൾപൊട്ടലിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ കാഞ്ഞിരപ്പുഴയിലും കുറുവൻപുഴയിലും ജലനിരപ്പ് ഉയർന്നു. അഗ്നിശമന സേന സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ജനങ്ങളെയും നിലയത്തിലെ ജീവനക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ രണ്ട് വർഷവും  ഉരുൾപൊട്ടലിനെത്തുടർന്ന് കാഞ്ഞിരപ്പുഴ ദിശമാറിയൊഴുകി മതിൽമൂല കോളനി നാമാവശേഷമായിരുന്നു. 
ആഗസ്‌ത്‌ ഒമ്പതിന്‌ ആഢ്യൻപാറക്കുസമീപം ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ അടക്കം ആറുപേർ  മരിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top