19 January Sunday

യാഥാർഥ്യമായി ഹൈടെക് സ്‌കൂള്‍

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

 

 
മലപ്പുറം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ–- -ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. എട്ടുമുതൽ 12 വരെ ക്ലാസുകളുള്ള എല്ലാ സർക്കാർ, എയ്‌ഡഡ് ക്ലാസ് മുറികളും‍ ഹൈടെക്കാക്കുന്ന പദ്ധതിയിൽ ജില്ലയിലെ 406 സ്കൂളുകൾ (226 സർക്കാർ, 180 എയ്ഡഡ്) പൂർണമായും ഹൈടെക്കാക്കി.  ഈവർഷം ജനുവരിയിലാണ്‌ പദ്ധതി ഉദ്ഘാടനംചെയ്തത്‌.
     ജൂലൈയിൽ ഉദ്ഘാടനംചെയ്ത ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഹൈടെക് ലാബ്  സ്ഥാപിക്കുന്ന പദ്ധതിയിൽ  ജില്ലയിലെ 1276 സ്കൂളുകളിലും (517 സർക്കാർ, 751 എയ്‌ഡഡ്) ഉപകരണ വിതരണം പൂർത്തിയാക്കി. ജില്ലയിലെ ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ–- - എയ്‌ഡഡ് സ്കൂളുകളിലായി  17,959 ലാപ്‍ടോപ്പും 15,390 യുഎസ്ബി സ്‌പീക്കറും 9571 പ്രൊജക്ടറും 5547 മൗണ്ടിങ്‌ കിറ്റും 1953 സ്‌ക്രീനും നൽകി. കൂടാതെ  327 എൽഇഡി ടെലിവിഷൻ, 391 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 390 ഡിഎസ്എൽആർ ക്യാമറ, 393 എച്ച്ഡി വെബ്ക്യാം എന്നിവയും  സ്ഥാപിച്ചു. 
കിഫ്ബിയിൽനിന്ന്‌ 80.98 കോടിയാണ്‌ പദ്ധതികൾക്ക്  ചെലവഴിച്ചത്‌.ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കിയ സർക്കാർ സ്‌കൂൾ കോട്ടക്കൽ  രാജാസ് ഹൈസ്കൂളും (93 ലാപ്‍ടോപ്, 55 പ്രൊജക്ടർ) എയ്‌ഡഡ് സ്കൂൾ എടരിക്കോട്‌ പികെഎംഎംഎച്ച്എസും (143 ലാപ്‍ടോപ്, 123 പ്രൊജക്ടർ)ആണ്. തൊട്ടടുത്ത് എയ്‌ഡഡ് മേഖലയിൽ  കോട്ടൂർ എകെഎംഎച്ച്എസ്‌ (123ലാപ്‍ടോപ്, 98 പ്രൊജക്ടർ), സർക്കാർ മേഖലയിൽ ‍ നെല്ലിക്കുത്ത്‌ ജിവിഎച്ച്എസ്‌എസ്‌ നെല്ലിക്കുത്ത് (92 ലാപ്‍ടോപ്, 34 പ്രൊജക്ടർ) എന്നിവയാണ്.
 പദ്ധതി ഭാഗമായി അധ്യാപകർക്ക്‌  പ്രത്യേക ഐടി പരിശീലനം നൽകി. ക്ലാസ്‍മുറിയിൽ ഡിജിറ്റൽ സംവിധാനമുപയോഗിച്ച് പഠനം നടത്താനായി  ‘സമഗ്ര' പോർട്ടൽ സജ്ജമാക്കി. ‘ലിറ്റിൽ കൈറ്റ്സ്' യൂണിറ്റുകൾവഴി ജില്ലയിൽ 175 സ്‌കൂളുകളിൽ ഹൈടെക്  പ്രവർത്തനങ്ങൾ സജീവമാക്കുന്നുണ്ട്.
 എല്ലാ ഉപകരണങ്ങൾക്കും അഞ്ച് വർഷ വാറ​ന്റിയും ഇൻഷുറൻസ് പരിരക്ഷയും പരാതി പരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തി. ജനുവരിയിൽ പ്രത്യേക ഐടി ഓഡിറ്റ് പൂർത്തിയാക്കി ജില്ലാ - ഹൈടെക് പൂർത്തീകരണ പ്രഖ്യാപനമുണ്ടാകും.  ഒരു ഡിവിഷനിൽ ഏഴ് കുട്ടികളിൽ താഴെയുണ്ടായിരുന്ന ജില്ലയിലെ അഞ്ച്‌ സ്‌കൂളുകൾക്കും ഉപകരണങ്ങൾ എത്തിക്കാൻ സർക്കാർ ഭരണാനുമതി നൽകിയതായി  മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
പ്രധാന വാർത്തകൾ
 Top