22 September Sunday

സൂര്യശോഭയിൽ സൂര്യകാന്തി; ഗുണ്ടൽപേട്ട്‌ മഞ്ഞക്കടൽ

എം സനോജ്‌Updated: Monday Aug 5, 2019

ഗുണ്ടൽപേട്ടിൽ പൂത്തുനിൽക്കുന്ന സൂര്യകാന്തി

 
നിലമ്പൂർ
ഗുണ്ടൽപേട്ടിനെ മഞ്ഞക്കടലാക്കി സൂര്യകാന്തിപ്പൂക്കൾ മിഴിതുറന്നു. ഏക്കർ കണക്കിന് വയലുകളിലാണ്‌ സൂര്യകാന്തിപ്പൂക്കൾ മനോഹര കാഴ്‌ചയൊരുക്കിയിരിക്കുന്നത്‌. കേരളാ അതിർത്തിയോടുചേർന്ന് ദേശീയപാത 766–-ൽ കർണാടകയിലെ കക്കൽദൊണ്ടിമുതൽ മദ്ദൂർവരെയുള്ള ഭാഗങ്ങളിലും ഗുണ്ടൽപേട്ട–-ഊട്ടി ഹൈവേയിൽ ഗുണ്ടൽപേട്ടമുതൽ ബന്ദിപ്പൂരുവരെയുള്ള ഭാഗങ്ങളിലുമാണ് വിശാലമായ പൂപ്പാടങ്ങൾ. 
ജൂൺമുതൽ സെപ്തംബർവരെയുള്ള കാലയളവിലാണ് പൂക്കൾ ധാരാളമായി വിളയുന്നതെന്നതിനാൽ ഇപ്പോൾ കാഴ്‌ചക്കാരുടെ തിരക്കാണ്‌. വഴിയാത്രക്കാരെല്ലാം പാടങ്ങളിൽ ഇറങ്ങിനിന്ന് സെൽഫിയെടുക്കുന്ന കാഴ്ചയാണെങ്ങും. കുടുംബ സെൽഫിക്ക് 20 രൂപമുതൽ 50 രൂപവരെ കർഷകർ ഈടാക്കുന്നു.  
സൂര്യകാന്തി എണ്ണയ്‌ക്കുവേണ്ടിയാണ്‌ മുഖ്യമായും കൃഷി. പാകമായ പൂക്കളിൽനിന്ന് ആഴ്ചകൾക്കുള്ളിൽ ഇതളുകൾ കൊഴിഞ്ഞുതുടങ്ങും. ഞെട്ട് ഉണങ്ങിത്തുടങ്ങുമ്പോൾ അവ ശേഖരിച്ച് അതിലെ വിത്ത് ഏജൻസികൾക്ക്‌ കൈമാറും. 
ഗുണ്ടൽപേട്ടിനെ നിരവധി ചലച്ചിത്രങ്ങളുടെ  ലൊക്കേഷനാക്കി  മാറ്റിയതും സൂര്യകാന്തിപ്പാടങ്ങളുടെ ഭംഗിയാണ്‌.  മൈസൂരു ജില്ലയിലെത്തന്നെ ചാമരാജ് നഗർ,  നഞ്ചൻകോഡ്, എച്ച്ഡി കോട്ട താലൂക്കുകളിൽ സൂര്യകാന്തി വ്യാപകമായി കൃഷിചെയ്യുന്നുണ്ട്‌.  സൂര്യകാന്തി വിളവെടുപ്പിനുശേഷം പാടങ്ങൾ മുതിര, ഉള്ളി, ബീറ്റ്റൂട്ട്, കാബേജ്, മുളക്, തക്കാളി, നെല്ല് എന്നീ കൃഷികൾക്ക്‌ വഴിമാറും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top