മലപ്പുറം
കുടുംബശ്രീ ജനകീയ ഹോട്ടലുകളിൽനിന്ന് പാഴ്സലായി വാങ്ങുന്ന ഊൺ ഇനി കടലാസിലോ പ്ലാസ്റ്റിക്കിലോ പൊതിഞ്ഞുകൊണ്ടുപോകേണ്ട. ഇതിനായി ജില്ലയിലെ മുഴുവൻ കുടുംബശ്രീ ഹോട്ടലുകളിലും കുടുംബശ്രീ യൂണിറ്റുകൾ നിർമിച്ച തുണിസഞ്ചി ഉടനെത്തും. ഈ തുണിസഞ്ചി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാനും സാധിക്കും.
140 ജനകീയ ഹോട്ടലുകളാണ് ജില്ലയിലുള്ളത്. ഇവിടേക്കായി പ്രതിദിനം 5000 തുണിസഞ്ചികളെങ്കിലും വേണ്ടിവരുമെന്ന് കുടുംബശ്രീ ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യം പ്രസിഡന്റ് പി സി റംലയും സെക്രട്ടറി മീര സുരേഷും പറഞ്ഞു. ഒരു ഹോട്ടലിൽ ദിവസം 20 മുതൽ 50 വരെ പാഴ്സൽ ഊൺ പോകുമെന്നാണ് കണക്കാക്കുന്നത്. കുടുംബശ്രീ ജില്ലാമിഷനിലുള്ള ഗാലക്സി ജനകീയ ഹോട്ടൽ കൺസോർഷ്യത്തിന്റെ ട്രഷറർ കെ ഷീജയും വൈസ് പ്രസിഡന്റ് പി ലീഷ്മയും ജോ. സെക്രട്ടറി സി അശ്വതിയുമാണ്.
കുടുംബശ്രീ ജില്ലാമിഷന്റെ കീഴിലുള്ള റെയിൻബോ തുണിസഞ്ചി നിർമാണ യൂണിറ്റുകളുടെ കൺസോർഷ്യമാണ് തുണിസഞ്ചികൾ നൽകുക. ജില്ലയിൽ 94 യൂണിറ്റുകളുണ്ടെന്നും ഇവിടങ്ങളിലായി ആയിരത്തിലേറെ സ്ത്രീകൾ ജോലിചെയ്യുന്നതായും കൺസോർഷ്യം പ്രസിഡന്റ് എം റസിയയും സെക്രട്ടറി ഇ സ്ജനയും പറഞ്ഞു. ലക്ഷം തുണിസഞ്ചികൾവരെ ദിവസം തയ്യാറാക്കുന്നുണ്ട്. മൂന്നുതരം സഞ്ചിയാണ് ഹോട്ടലുകൾക്ക് നൽകുക. എം ജുലൈത്ത് (ട്രഷറർ), വി മിസ്ല (വൈസ് പ്രസിഡന്റ്), മുംതാസ് സക്കീർ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.
തുണിസഞ്ചി വിതരണംചെയ്യുന്നതിന്റെ കരാറിൽ കൺസോർഷ്യം പ്രസിഡന്റുമാരായ എം റസിയയും പി സി റംലയും ഒപ്പിട്ടു. ജില്ലാ പ്രോഗ്രാം മാനേജർ കെ ടി ജിജു, ഒഎസ്എസ്മാരായ കെ വിനേഷ്, എൻ ജോയിക്കുട്ടി എന്നിവർ പങ്കെടുത്തു. ജനകീയ ഹോട്ടലുകൾ ഹരിതാഭമാകുന്നതിന്റെ പ്രാഥമിക നടപടിയാണ് ഇതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..