24 October Thursday

ഒറ്റക്കല്ല മക്കളേ... ഞങ്ങൾ കൂടെയുണ്ട്‌’

സുരേഷ്‌ പൂവത്തിങ്കൽUpdated: Wednesday Sep 4, 2019
 
കവളപ്പാറ
‘മക്കൾ നന്നായി പഠിക്കണം, ഒറ്റക്കല്ല, ഞങ്ങളെല്ലാം കൂടെയുണ്ട്"–- കവളപ്പാറ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ ശരണ്യയെയും വിനയചന്ദ്രനെയും ചേർത്തുപിടിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പിച്ചുപറഞ്ഞു.  അമ്മയെയും സഹോദരനെയും നഷ്ടപ്പെട്ട ശരണ്യയും അച്ഛനെയും അനുജത്തിയെയും നഷ്ടപ്പെട്ട നന്ദു എന്ന വിനയചന്ദ്രനും കവളപ്പാറയുടെ സങ്കടങ്ങളാണ്‌. ഭൂദാനം സെന്റ്‌ ജോർജ് മലങ്കര കത്തോലിക്ക പള്ളി ഹാളിലെ ക്യാമ്പിലുള്ളവരോടെല്ലാം സർക്കാർ കൂടെയുണ്ടെന്ന സന്ദേശം മന്ത്രി നൽകി.
  നിനച്ചിരിക്കാതെ ഒരൊറ്റ രാത്രികൊണ്ട് പ്രിയപ്പെട്ടതെല്ലാം നഷ്ടമായ ജനതയാണ് നിലമ്പൂർ കവളപ്പാറയിലും ഭൂദാനത്തും ഉള്ളതെന്ന്‌ ക്യാമ്പ്‌ സന്ദർശിച്ചശേഷം മന്ത്രി ഫേസ്‌ ബുക്കിൽ കുറിച്ചു. 
പറക്കമുറ്റാത്ത പ്രായത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരാണ് ശരണ്യയും വിനയചന്ദ്രനും. ശരണ്യയുടെ അമ്മയും കൂടപ്പിറപ്പും ദുരന്തത്തിൽപ്പെട്ടു. വിനയചന്ദ്രന്റെ അച്ഛനും സഹോദരിയും മുത്തശ്ശിയുമടക്കം 14  ബന്ധുക്കളാണ് മാഞ്ഞുപോയത്. അന്ന് രാത്രി ആശുപത്രിയിലായിരുന്നതിനാൽ വിനയചന്ദ്രനും അമ്മ സൗമ്യയും  രക്ഷപ്പെടുകയായിരുന്നു.
  എല്ലാം നഷ്ടപ്പെട്ടു ജീവിത യാഥാർഥ്യത്തിനുമുന്നിൽ പകച്ചുനിൽക്കുന്ന ദുരന്തബാധിതർക്കൊപ്പംനിന്ന് അവരെ കൈപിടിച്ചുയർത്താൻ നമുക്ക് കഴിയണം. രാഷ്ട്രീയഭേദമെന്യേ, വിയോജിപ്പുകൾ മറന്ന് കൊണ്ട്, ലോകമെമ്പാടുമുള്ള മലയാളികളുടെ പിന്തുണയുണ്ടാകണം–- മന്ത്രി കുറിച്ചു.
പ്രധാന വാർത്തകൾ
 Top