18 November Monday

അങ്കണവാടി മാറ്റം: കൊണ്ടോട്ടിയിൽ ലീഗ്‌-കോൺഗ്രസ്‌ കൗൺസിലർമാർ തമ്മിലടിച്ചു

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2019

കൊണ്ടോട്ടി> കൗൺസിൽ യോഗത്തിനെത്തിയ ലീഗ്‌ കൗൺസിലർമാരെ  കോൺഗ്രസ്‌ കൗൺസിലർമാർ ഉപരോധിച്ചതിനെ തുടർന്ന്‌ സംഘർഷം. നഗരസഭ ഭരിക്കുന്നവർ തമ്മിലുള്ള അടികാരണം കൗൺസിൽ യോഗം തുടങ്ങാൻ രണ്ട്‌ മണിക്കൂർ  വൈകി.

ശനിയാഴ്ച രാവിലെ 10ന്‌ നഗരസഭാ കൗൺസിൽ  യോഗം തുടങ്ങാനിരിക്കെയാണ്‌  സംഭവം. ഒമ്പതാം വാർഡിന് അനുവദിച്ച അങ്കണവാടി  അഞ്ചാം വാർഡിലേക്ക് മാറ്റിയതായി ആരോപിച്ചായിരുന്നു  കോൺഗ്രസ് കൗൺസിലർമാരും നേതാക്കളും നഗരസഭ ഉപരോധിച്ചത്‌.  ഉപരോധത്തിനിടെ എത്തിയ ലീഗ് കൗൺസിലർമാർക്ക്‌ നഗരസഭാ കാര്യാലയത്തിൽ കയറാനായില്ല.  ഇവർ തമ്മിലുള്ള വാക്കേറ്റം കൈയാംകളിയുടെ വക്കിലെത്തി‌.

പൊലീസ്‌ എത്തിയാണ്‌ രംഗം ശാന്തമാക്കിയത്‌. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ ലീഗിന്റെ വല്ല്യേട്ടൻ മനോഭാവത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാണ്‌.  ഇതിനിടെയാണ് കോൺഗ്രസ്‌ പ്രതിനിധീകരിക്കുന്ന  ഒമ്പതാം വാർഡിന് അനുവദിച്ച അങ്കണവാടി ലീഗ് അഞ്ചാം വാർഡിലേക്ക് തട്ടിയെടുത്തത്.  

ലീഗും കോൺഗ്രസും തമ്മിൽത്തല്ല് തുടങ്ങിയതോടെ നഗരസഭാ ഭരണം സ്തംഭനത്തിലാണ്‌. അഴിമതിയുടെയും ധൂർത്തിന്റെയും കൂത്തരങ്ങാണ് നഗരസഭ. പദ്ധതികൾ  യഥാസമയം നടപ്പാക്കാനാകുന്നുമില്ല. യഥാസമയം ഫണ്ട് ലഭിക്കാതായതോടെ ഗുണഭോക്താക്കളും ദുരിതത്തിലായി. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കുന്നുമില്ല. സംഭവത്തിൽ പ്രതിേഷേധിച്ച്‌ പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top