03 August Monday

"ഫിറ്റ്‌നസ്'‌ ചോർന്ന്‌ ജിംനേഷ്യങ്ങൾ

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020

കോട്ടക്കുന്നിലെ ലൈഫ് ഗിയർ ജിംനേഷ്യം

 

 
മലപ്പുറം 
ജനങ്ങളുടെ ഫിറ്റ്‌നസ്‌ സംരക്ഷിക്കുന്ന ജിംനേഷ്യങ്ങൾക്ക്‌ കോവിഡിൽ നഷ്ടപ്പെട്ടത്‌ സ്വന്തം ആരോഗ്യം. ഫാസ്‌റ്റ്‌ ഫുഡുകളുടെയും തിരക്കുപിടിച്ച ജീവിതത്തിന്റെയും കാലത്ത്‌ ശരീര സൗന്ദര്യം നിലനിർത്താൻ മിക്കവരും ഓടിയെത്തിയിരുന്നത്‌ ജിമ്മുകളിലാണ്‌. എന്നാൽ കോറോണ കാലത്ത്‌ ആദ്യം പൂട്ട്‌ വീണ ഈ സ്ഥാപനങ്ങൾ മൂന്നര മാസമായിട്ടും  തുറന്നിട്ടില്ല. ജിംനേഷ്യം നടത്തിയും ഫിറ്റ്‌നസ്‌ ട്രെയിനർമാരായും ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന നിരവധി പേരാണ്‌ ഇതോടെ കുടുങ്ങിയത്‌. കേന്ദ്ര സർക്കാരിന്റെ ലോക്ക്‌ ഡൗൺ ഇളവുകളിൽ ജിംനേഷ്യങ്ങൾ ഇടംപിടിച്ചിട്ടില്ല. 
ജില്ലയിലെ മിക്ക ജിംനേഷ്യങ്ങളിലും ദിവസേന 80 മുതൽ 100 പേർ വരെ എത്തിയിരുന്നു. കസ്‌റ്റമറുടെ സൗകര്യത്തിനനുസരിച്ച്‌ രാവിലെ ആറ്‌ മുതൽ രാത്രി പത്ത്‌ വരെയായിരുന്നു മിക്കവയുടെയും പ്രവർത്തനം. ഉപയോഗിക്കാതിരിക്കുമ്പോൾ ഉപകരണങ്ങൾ കേടുപറ്റുന്നതാണ്‌ ഏറ്റവും വലിയ പ്രശ്‌നമെന്ന്‌ മലപ്പുറം കുന്നുമ്മലിലെ ലൈഫ്‌ ഗിയർ ഫിറ്റ്‌നസ്‌ സെന്ററിന്റെ ഉടമസ്ഥരിലൊരാളായ ഫിറോസ്‌ വില്ലൻ പറഞ്ഞു. മിക്ക ഉപകരണങ്ങളും വെറുതെ കിടക്കുമ്പോൾ ഉപയോഗശൂന്യമാകും. ഇടക്കിടെ കൂലിക്ക്‌ ഒരാളെവച്ച്‌ ഉപകരണങ്ങൾ ക്ലീൻ ചെയ്‌തുവരികയാണ്‌. നാല്‌ മാസമായി ഫീസ്‌ കിട്ടിയിട്ടില്ല. എത്രയും വേഗം സ്ഥാപനം തുറന്നില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും–- ഫിറോസ്‌ പറഞ്ഞു.
സ്ഥാപനത്തിന്റെ വാടക, കറന്റ്‌ ബിൽ, ട്രെയിനർമാർക്ക്‌ ശമ്പളം, ലോൺ തുടങ്ങിയ കാര്യങ്ങളെല്ലാം നോക്കുമ്പോൾ ജിംനേഷ്യം നടത്തിപ്പുകാർ കടുത്ത പ്രതിസന്ധിയിലാണെന്ന്‌ മലപ്പുറം ഫിറ്റ്‌നസ്‌ ക്ലബ്‌ ഉടമ കെ കെ അജിത്‌ പറഞ്ഞു. ഫിറ്റ്നസ്‌ ട്രെയിനർമാരിൽ ബഹുഭൂരിപക്ഷവും ഈ ജോലിമാത്രം ചെയ്യുന്നവരാണ്‌. ഈ അവസ്ഥ മനസ്സിലാക്കി ചിലയിടങ്ങളിൽ ഉടമസ്ഥർ കൈയിൽനിന്ന് പണമെടുത്ത്‌ ട്രെയിനർമാർക്ക്‌ പകുതി ശമ്പളം നൽകുന്നുണ്ട്‌. സ്ഥിരമായി ജിമ്മുകളിൽ പോയി ആരോഗ്യം സംരക്ഷിച്ചിരുന്നവരും നിരാശരാണ്‌. കോവിഡിൽ വീടിന്‌ പുറത്തുപോലും പോകാതെ  ഭക്ഷണവും കഴിച്ച്‌ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ജിമ്മിൽ പോയി നേടിയ ഫിറ്റ്നസ്‌ മിക്ക ആളുകൾക്കും നഷ്ടമായി. എത്രയും വേഗം ജിമ്മുകൾ തുറക്കാൻ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഉടമകളും ഫിറ്റ്‌നസ്‌ ആഗ്രഹിക്കുന്നവരും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top