15 May Saturday
തെരഞ്ഞെടുപ്പ്‌ ഫലം സാമുദായിക ഏകീകരണമുണ്ടാക്കി ജയിച്ചുകയറാമെന്ന മുസ്ലിംലീഗിന്റെ കുതന്ത്രത്തിനേറ്റ കനത്ത പ്രഹരം

യുഡിഎഫിന്‌ ജനങ്ങൾ 
നൽകിയത്‌ അർഹിച്ച 
തിരിച്ചടി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

 

മലപ്പുറം
അവിശുദ്ധ സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ജില്ലയിലെ യുഡിഎഫ്‌ സംവിധാനത്തിന്‌  ജനങ്ങൾ അർഹിക്കുന്ന തിരിച്ചടി നൽകിയതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌. സാമുദായിക ഏകീകരണമുണ്ടാക്കി ജയിച്ചുകയറാമെന്ന മുസ്ലിംലീഗിന്റെ കുതന്ത്രത്തിനേറ്റ കനത്ത പ്രഹരമാണ്‌ തെരഞ്ഞെടുപ്പ്‌ വിധി. ജില്ല തൂത്തുവാരുമെന്ന യുഡിഎഫ്‌ വ്യാമോഹം ജനങ്ങൾ കടലിലെറിഞ്ഞു.
പരമ്പരാഗതമായി ലീഗിനെ പിന്തുണച്ച വോട്ടർമാർ അവരെ കൈവിട്ടു. അധികാരം  മോഹിച്ച്‌ ലോക്‌സഭാംഗത്വം രാജിവച്ച്‌ മത്സരിച്ച പി കെ കുഞ്ഞാലിക്കുട്ടിക്ക്‌ കനത്ത തിരിച്ചടിയാണ്‌ ലീഗ്‌ അണികൾ നൽകിയത്‌.  11,000 പുതിയ വോട്ടര്‍മാർ കൂടിയിട്ടും വേങ്ങരയിൽ ഭൂരിപക്ഷത്തിൽ 7535 വോട്ടിന്റെ കുറവുണ്ടായി. ആകെ വോട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ 2000 വോട്ടിന്റെ കുറവുണ്ടായി. 2016ൽ 72,000 വോട്ട്‌ കിട്ടിയയിടത്ത്‌ ഇത്തവണ ലഭിച്ചത്‌ 70,000 മാത്രം. ലീഗ്‌ സ്ഥാനാർഥികളിൽ കുഞ്ഞാലിക്കുട്ടിക്കുമാത്രമാണ്‌ ആകെ വോട്ട്‌ കുറഞ്ഞത്‌. 
കുഞ്ഞാലിക്കുട്ടിയുടെ അധികാരക്കൊതി ലോക്‌സഭാ ഫലത്തിലും പ്രതിഫലിച്ചു. അബ്ദുസമദ്‌ സമദാനിക്ക്‌ കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിപക്ഷത്തിൽ ഒന്നരലക്ഷം വോട്ടിന്റെ കുറവുണ്ടായി. 
വള്ളിക്കുന്ന്‌, മഞ്ചേരി, മലപ്പുറം, വേങ്ങര, കൊണ്ടോട്ടി, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ യുഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ ലഭിച്ച വോട്ട്‌ സമദാനിക്ക്‌ കിട്ടിയില്ല. ഉപതെരഞ്ഞെടുപ്പിന്‌ അനാവശ്യ വഴിയൊരുക്കിയതിലുള്ള അതൃപ്‌തിയാണ്‌ ലീഗ്‌ അണികൾ പ്രകടിപ്പിച്ചത്‌.  
തവനൂരിൽ എല്ലാ അവിശുദ്ധ കൂട്ടുകെട്ടിനെയും മറികടന്നാണ്‌ കെ ടി ജലീലിന്റെ ജയം‌. യുഡിഎഫ്‌ അവിടെ ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നീ സംഘടനകളുടെ പരസ്യ പിന്തുണ നേടി. ബിജെപിയുടെ വോട്ടുകൾ വലിയതോതിൽ വിലയ്‌ക്കുവാങ്ങി. ഇത്‌ മറികടന്നാണ്‌ എൽഡിഎഫ്‌ വിജയം‌. താനൂരിലും നിലമ്പൂരിലും യുഡിഎഫിന്റെ കുപ്രചാരണങ്ങളെ അതിജീവിച്ച്‌ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിച്ചു. പെരിന്തൽമണ്ണയിൽ ശക്തമായ മുന്നേറ്റം നടത്താനായി. 
മഞ്ചേരിയിലും വണ്ടൂരിലും യുഡിഎഫിന്റെ  ഭൂരിപക്ഷം വലിയതോതിൽ കുറഞ്ഞു. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുബാങ്കുകളിൽ ഉണ്ടായ വിള്ളൽ വരുംകാലങ്ങളിൽ ഇനിയും ശക്തിപ്പെടുമെന്നുറപ്പാണ്‌. സമുദായ കാർഡിറക്കി ജയിച്ചുകയറാമെന്ന ലീഗ്‌ മോഹമാണ്‌ പൊലിയുന്നമലപ്പുറം, യുഡിഎഫ്‌ , സിപിഐ എംത്‌. ഇത്‌ ജില്ലയിലെ  രാഷ്‌ട്രീയ ബലാബലത്തിൽ വലിയ ചലനമുണ്ടാക്കും. വോട്ടിങ്‌ നിലയിലുണ്ടായ വലിയ മുന്നേറ്റം അതിന്റെ തുടക്കമാണ്‌.  
എൽഡിഎഫ്‌ സർക്കാരിനെ തുടർഭരണത്തിലേറ്റിയ വോട്ടർമാരെയും ഇടതുപക്ഷത്തിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top