താനൂർ
താനൂർ റവന്യൂ കോംപ്ലക്‌സിന് ബജറ്റിൽ 15 കോടി അനുവദിച്ചു. നിർമാണം പൂർത്തിയായാൽ താനൂർ ഡിവൈഎസ്‌പി ഓഫീസ്, ഫയർ സ്റ്റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾ ഈ കോംപ്ലക്‌സിലേക്ക് മാറ്റും. കെട്ടിട നിർമാണത്തിനും സ്ഥലമേറ്റെടുപ്പിനുമായാണ് തുക അനുവദിച്ചത്. താനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മിനി സിവിൽസ്റ്റേഷൻ കെട്ടിടത്തിൽ മുഴുവൻ സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നില്ല. പാർക്കിങ് അടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ഉണ്ട്. ഇതിന് പരിഹാരമായാണ് പാർക്കിങ് അടക്കമുള്ള സൗകര്യങ്ങളോടുകൂടിയ റവന്യൂ കോംപ്ലക്‌സ് നിർമിക്കുന്നത്.
താനൂർ കേന്ദ്രീകരിച്ച് താലൂക്ക് രൂപീകരണം, താനൂർ സബ് ട്രഷറി ഓഫീസ് തുടങ്ങിയ സ്വപ്ന പദ്ധതികൾക്കും ബജറ്റിൽ ടോക്കൺ അനുവദിച്ചു. പൊന്മുണ്ടം ബൈപാസ് നാലാം റീച്ച് ബിഎംബിസി ചെയ്ത് നവീകരിക്കൽ, താനൂർ ഇൻഡസ്ട്രിയൽ പാർക്ക്, താനൂർ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സാകേന്ദ്രം പുതിയ കെട്ടിടം, താനൂർ മൃഗാശുപത്രി കെട്ടിടം, അത്താണിക്കൽ തെയ്യാല റോഡിൽ തോട്ടുങ്കൽ ഭാഗം ഉയർത്തൽ, വൈലത്തൂർ കോഴിച്ചെന റോഡിൽ വൈലത്തൂർ ഭാഗം ഉയർത്തൽ എന്നിവയ്ക്കും ടോക്കൺ നൽകിയിട്ടുണ്ട്.
എടക്കടപ്പുറം ജിഎൽപി സ്കൂൾ, താനൂർ ടൗൺ ജിഎംയുപി സ്കൂൾ, പുതിയ കടപ്പുറം നോർത്ത് ജിഎംഎൽപി സ്കൂൾ, പൊന്മുണ്ടം സൗത്ത് ജിഎംഎൽപി സ്കൂൾ, നിറമരുതൂർ ജിഎംയുപി സ്കൂൾ എന്നിവിടങ്ങളിൽ കെട്ടിടം നിർമിക്കാനും ടോക്കൺ അനുമതിയായി. താനാളൂർ നരസിംഹമൂർത്തി ക്ഷേത്രം–- ബൈപാസ് റോഡ്, പുതിയ കടപ്പുറം–-കാരാട് പാലം എന്നിവ ഉൾപ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിർമാണം, ഒട്ടുംപുറം അഴിമുഖം പുഴവക്ക് റോഡ് നിർമാണവും പൂരപ്പുഴ വള്ളംകളിക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടെ ഒട്ടുംപുറം ടൂറിസം നവീകരണം, ഒഴൂർ പഞ്ചായത്തിലെ മുടിയാറകുളം, പുത്തൂർകുളം, കുമ്മാളികുളം, ചേനംകുളം എന്നീ നാല് കുളങ്ങളുടെ നവീകരണം, മത്സ്യത്തൊഴിലാളി പുനർഗേഹം പദ്ധതി ഫ്ലാറ്റ് നിർമാണം, ബദർപള്ളി - കളരിപ്പടി വാഹന ഗതാഗത പാലം, പുതിയ കടപ്പുറം–-കാളാട്പാലം എന്നിവ ഉൾപ്പെടെയുള്ള തീരദേശ ലിങ്ക് റോഡ് നിർമാണം എന്നിവയ്ക്കും ടോക്കൺ അനുവദിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..