19 September Thursday

രാജ്യമറിഞ്ഞ നേട്ടം, ഒരുമയുടെ വിജയം

എം സനോജ്Updated: Saturday Aug 3, 2019
 
ചാലിയാർ
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രണ്ടാം സ്ഥാനം ചാലിയാർ പിഎച്ച്സി സ്വന്തമാക്കിയത്‌ കൂട്ടായ പ്രവർത്തനത്തിലൂടെ. കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ ചാലിയാർ പിഎച്ച്സിക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്  അംഗീകാരം ലഭിച്ചത്. കഴിഞ്ഞ മെയ്, ജൂൺ മാസങ്ങളിൽ മൂല്യനിർണയം നടത്തിയ കേന്ദ്രങ്ങളുടെ ഫലമാണ് ഇപ്പോൾ വന്നത്. രോഗികൾക്കുള്ള മികച്ച സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, മാതൃ ശിശു ആരോഗ്യം, ജീവിതശൈലീ രോ​ഗ നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ് തുടങ്ങി എട്ട്‌ വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് അർഹരായത്.
ചാലിയാർ നോഡൽ മെഡിക്കൽ ഓഫീസർ ടി എൻ അനൂപിന്റെ നേതൃത്വത്തിൽ അഞ്ച്‌ വർഷമായി ജീവനക്കാർ ഒറ്റക്കെട്ടായി നടത്തിയ പ്രവർത്തനങ്ങളാണ് ചാലിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദേശീയ നേട്ടമെത്തിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പടിപടിയായി വികസിപ്പിച്ച് ആശുപത്രിയെ രോഗീ സൗഹൃദമാക്കുകയെന്ന ഫോർമുലയാണ് വിജയം കണ്ടത്. ഒപിയിലും ഫാർമസിയിലും ഇലക്ട്രോണിക് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. 
രോഗികൾക്കായി ഇരിപ്പിടങ്ങളൊരുക്കി. ശിശു സൗഹൃദ കുത്തിവയ്പ് മുറി, മുലയൂട്ടൽ മുറി എന്നിവ സജ്ജമാക്കി. ഭിന്നശേഷിക്കാരായ രോഗികൾക്കായി റാമ്പുകൾ നിർമിച്ചു. ശുചിത്വ മിഷൻ ഫണ്ട് ഉപയോഗിച്ച് ശുചിമുറി കോംപ്ലക്സ് നിർമിച്ചു. സംസ്ഥാന സർക്കാർ ആർദ്രം പദ്ധതിയിലൂടെ പിഎച്ച്സിയെ കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചതോടെ ഒപി സമയം വൈകിട്ട് ആറ്‌ വരെയാക്കി. വൈകിട്ട് മൂന്ന്‌ വരെ ലാബും പ്രവർത്തിക്കുന്നു. 
ഉൾക്കാട്ടിലും സേവനം
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികൾ ചാലിയാർ പ്രദേശത്താണ്. 
ഉൾവനത്തിനുള്ളിലെ അമ്പുമല, പാലക്കയം, വെറ്റിലക്കൊല്ലി തുടങ്ങി നിരവധി കോളനികളിൽ നടത്തിവരുന്ന മെഡിക്കൽ ക്യാമ്പുകൾ, ബോധവൽക്കരണ പരിപാടികൾ, പ്രതിരോധ കുത്തിവയ്പ് ക്യാമ്പയ്നുകൾ എന്നിവയും അംഗീകാരത്തിനു പരിഗണിച്ചു. പൊതുജനപങ്കാളിത്തം, ഗുണനിലവാര പരിപാലനം തുടങ്ങി എല്ലാ പരിശോധനകളിലും ചാലിയാർ പിഎച്ച്സിക്ക് 95 മുതൽ 100 ശതമാനം വരെ മാർക്ക് നേടാൻ കഴിഞ്ഞു. 
സംസ്ഥാന സർക്കാരും പഞ്ചായത്തും പൊതുജനങ്ങളും ഫണ്ടും സാമഗ്രികളും നൽകി സഹായിച്ചു. 
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ കായകൽപം പുരസ്കാരവും ചാലിയാർ പിഎച്ച്സി നേടിയിരുന്നു. രാജ്യത്തെ ആദ്യ ടെലി മെഡിസിൻ സംവിധാനത്തിന് തുടക്കം കുറിച്ചതും ചാലിയാറിലായിരുന്നു. 
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഒരു കോടി രൂപയുടെ പദ്ധതികളാണ് ചാലിയാർ പഞ്ചായത്ത് പ്രസി‍ഡന്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയത്.
 
പ്രധാന വാർത്തകൾ
 Top