07 August Friday

സ്രവ ശേഖരണത്തിന്‌ 19 പുതിയ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 

സ്വന്തം ലേഖകൻ 
മലപ്പുറം
കോവിഡ്‌ ബാധിതരുടെ എണ്ണവും സമ്പർക്കത്തിലൂടെയുള്ള രോഗബാധയും കൂടുന്ന സാഹചര്യത്തിൽ ജില്ലയിലെ പരിശോധനാ–-ചികിത്സാസൗകര്യം വർധിപ്പിച്ച്‌ ആരോഗ്യ വകുപ്പ്‌. സ്രവ സാമ്പിളുകൾ ശേഖരിക്കാൻ 19 കേന്ദ്രങ്ങൾകൂടി സജ്ജമാക്കി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി താലൂക്ക് ആശുപത്രികൾ, 15 ബ്ലോക്കിലെയും ഓരോ ആശുപത്രികൾ എന്നിവിടങ്ങളിൽ പരിശോധനയുണ്ടാകും. 
മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ്‌ സ്രവം ശേഖരിക്കാൻ ഇപ്പോൾ സൗകര്യമുള്ളത്‌. ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കാളികാവ് സഫ ആശുപത്രിയിലും മുട്ടിപ്പാലം സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലും സാമ്പിൾ എടുക്കുന്നുണ്ട്.  പൊന്നാനി താലൂക്ക് ആശുപത്രിയിൽ ടിബി ക്ലിനിക്കിൽ‌ സാമ്പിൾ ശേഖരണം തുടങ്ങി. മറ്റ്‌ ജില്ലാ–-താലൂക്ക്‌ ആശുപത്രികളിൽ ഉടൻ ആരംഭിക്കും. ഇവിടങ്ങളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ സെക്കീന പറഞ്ഞു.  
എടപ്പാളിൽ പ്രത്യേകസംഘം
ആന്റിബോഡി പരിശോധനയ്‌ക്ക്‌ രക്തസാമ്പിൾ ശേഖരിക്കാൻ ശുകപുരം, എടപ്പാൾ സ്വകാര്യ ആശുപത്രികളിൽ പ്രത്യേകസംഘം പ്രവർത്തിക്കുന്നു‌. പൊന്നാനി ടിബി ക്ലിനിക്ക്, മാറഞ്ചേരി, ആലങ്കോട്, വട്ടംകുളം, എടപ്പാൾ ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് കൂടുതൽ പേരുടെ സാമ്പിളുകൾ ശേഖരിക്കും. 681 സാമ്പിളെടുത്തു. രോഗികളുമായി സമ്പർക്കമുള്ളവർ, ആശ പ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, കച്ചവടക്കാർ, ആരോഗ്യപ്രവർത്തകർ, 60 വയസ് കഴിഞ്ഞവർ തുടങ്ങിയവരെയാണ്‌ പരിശോധിക്കുന്നത്‌.
പൊന്നാനി ടിബി ആശുപത്രിയിൽ ശേഖരിച്ചത്‌ 97 സാമ്പിൾ 
പൊന്നാനി
ടിബി ആശുപത്രിയിൽ കോവിഡ്‌ പരിശോധനയ്‌ക്ക്‌ സാമ്പിൾ ശേഖരണം തുടങ്ങി. വിദേശത്തുനിന്നെത്തി രോഗലക്ഷണമുള്ള 10 പേരുടെ സ്രവം പരിശോധിച്ചു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കമുള്ളവർ, ആശുപത്രി സന്ദർശിച്ചവർ എന്നിങ്ങനെ 87 പേരുടെ രക്തസാമ്പിളും ശേഖരിച്ചു.  
താനൂരിൽ കർശന നിയന്ത്രണം
താനൂർ 
കണ്ടെയ്‌ൻമെന്റ് സോണായതോടെ താനൂർ നഗരസഭയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരസഭയുമായി ബന്ധിപ്പിക്കുന്ന എല്ലാ റോഡുകളും അടച്ചു. ഓട്ടോ സർവീസ് നിർത്തി. പലചരക്ക്, പഴം, പച്ചക്കറി കടകളും ബേക്കറിയും പകൽ ഒന്നുവരെ മാത്രം. ദീർഘദൂര വാഹനങ്ങൾ പ്രധാന പാത വഴി പോകണം. ആരാധനാലയങ്ങളും അടച്ചു.
ഹാർബർ പ്രവർത്തനം നിരോധിച്ചു. നഗരസഭാ പരിധിയിൽനിന്ന്‌ മത്സ്യബന്ധനത്തിനുപോകുന്നവർ നിറമരുതൂർ അഴീക്കൽ ഫിഷ് ലാൻഡിങ് സെന്ററിൽ മത്സ്യവിൽപ്പന നടത്തും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top