തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തദ്ദേശ സ്ഥാപന മണ്ഡലങ്ങളിൽനിന്നുള്ള തെരഞ്ഞെടുപ്പിൽ തൃശൂരിലെ സിപിഐ എം സ്ഥാനാർഥിക്ക് എതിരില്ല. കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അൽജോ പി ആന്റണിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ബുധനാഴ്ചക്കുശേഷം വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കും. കോഴിക്കോടും പാലക്കാടും യുഡിഎഫിന് സ്ഥാനാർഥികളില്ല. വെൽഫെയർ പാർടിയാണ് രംഗത്തുള്ളത്.
കോഴിക്കോടുനിന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ ഷിയോ ലാൽ ആണ് എൽഡിഎഫ് സ്ഥാനാർഥി. വെൽഫെയർ പാർടിയുടെ കാരശേരി പഞ്ചായത്ത് അംഗം ഷാഹിനയാണ് എതിർസ്ഥാനാർഥി. പാലക്കാടുനിന്നുള്ള എൽഡിഎഫ് സ്ഥാനാർഥി ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ ചന്ദ്രബാബുവാണ്. വെൽഫെയർ പാർടിയുടെ പാലക്കാട് മുനിസിപ്പൽ കൗൺസിലർ എം സുലൈമാനാണ് എതിർസ്ഥാനാർഥി. വയനാട്ടിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ മത്സരിക്കുമ്പോൾ യുഡിഎഫിനായി മുസ്ലിം ലീഗിലെ പനമരം ബ്ലോക്ക് പഞ്ചായത്തംഗം കെ കെ അബ്ദുൾ ഗഫൂർ രംഗത്തുണ്ട്.
മലപ്പുറത്തുനിന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഇ അഫ്സൽ (സിപിഐ എം), വി കെ എം ഷാഫി (മുസ്ലിം ലീഗ്) എന്നിവരാണ് സ്ഥാനാർഥികൾ. ബിജെപിയുടെ കെ സുനിൽ കുമാർ, വെൽഫെയർ പാർടിയുടെ കെ വി റഫീഖ് ബാബു എന്നിവരും മത്സരിക്കുന്നു. അഞ്ച് സീറ്റിൽ ഒന്നിൽപോലും കോൺഗ്രസിന് സ്ഥാനാർഥികളില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..