25 March Saturday
ജില്ലാ ബാങ്ക്‌ ലയനത്തിനെതിരെ സുപ്രീം കോടതിയിൽ

യുഡിഎഫിന്‌ വീണ്ടും തിരിച്ചടി

സ്വന്തം ലേഖകൻUpdated: Friday Feb 3, 2023
 
 
മലപ്പുറം
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള സർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിൽ പോയിട്ടും യുഡിഎഫിന്‌  തിരിച്ചടി. സർക്കാർ നടപടിക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മുസ്ലിംലീഗിലെയും കോൺഗ്രസിലെയും ഒരുവിഭാഗത്തിന്റെ മാത്രം താൽപ്പര്യത്തിലാണ്‌ കോടതികളിൽനിന്ന്‌ കോടതികളിലേക്കുള്ള യാത്ര. സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ്‌ നടത്തിപ്പിന്‌ ജില്ലാ ബാങ്കിന്റെ 30 ലക്ഷം രൂപയാണ്‌ പാഴാക്കിയത്‌. ജില്ലാ ബാങ്കിന്റെ ഫണ്ട്‌ ഇനി ലഭ്യമാകില്ല എന്നുവന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ തുക പിരിച്ചാണ്‌ സുപ്രീംകോടതിയിൽ പോയത്‌. 
ജനുവരി 12നാണ്‌ ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ വിധിയെത്തുടർന്ന്‌ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച്‌ സഹകരണ രജിസ്‌ട്രാർ ഉത്തരവിട്ടത്‌. അന്നുമാത്രം അഞ്ചര ലക്ഷം രൂപ ജില്ലാ ബാങ്ക്‌ ഫണ്ടിൽനിന്ന്‌ അഭിഭാഷക ഫീസായി നൽകി. പതിമൂന്നിനുതന്നെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും തള്ളി. പിന്നീടാണ്‌ യു എ ലത്തീഫ്‌ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്‌. പതിമൂന്ന്‌ ജില്ലാ ബാങ്കുകളും ലയിക്കാൻ സമ്മതം അറിയിക്കുകയും  കേരള ബാങ്ക്‌ നിലവിൽ വരികയുംചെയ്‌തിട്ടും മലപ്പുറം ജില്ലാ ബാങ്ക്‌ മാത്രം അതിൽനിന്ന്‌ വിട്ടുനിൽക്കുകയായിരുന്നു. അത്‌ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കും സഹകാരികൾക്കും വൻ നഷ്ടം വരുത്തിക്കൊണ്ടിരുന്നപ്പോഴാണ്‌ ലയന നടപടികളിലേക്ക്‌ സർക്കാർ കടന്നത്‌. സഹകരണ നിയമപ്രകാരമാണ്‌ ലയന നടപടി എന്ന്‌ 2021 ഡിസംബർ 14ന്‌ ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഡിസംബർ 24ന്‌ സഹകരണ രജിസ്‌ട്രാറുടെ ലയിപ്പിക്കൽ വിജ്ഞാപനത്തിനെതിരെ ജില്ലാ ബാങ്ക്‌ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. അതാണ്‌ ജനുവരി 12ന്‌ തള്ളിയത്‌. 
തുടർച്ചയായി തിരിച്ചടി നേരിട്ടിട്ടും രാഷ്‌ട്രീയ–-സങ്കുചിത താൽപ്പര്യങ്ങളാൽ മാത്രമാണ്‌ വീണ്ടും കോടതികളിലേക്കുള്ള യുഡിഎഫിന്റെ പ്രയാണം. ഇതിനുവേണ്ടി സഹകരണ മേഖലയുടെ പണം ദുരുപയോഗിക്കുന്നതായാണ്‌ ആക്ഷേപം. നേരത്തെ ജില്ലാ ബാങ്കിന്റെ 30 ലക്ഷം പാഴാക്കിയതിനുപുറമെയാണ്‌  പ്രാഥമിക സംഘങ്ങളിൽനിന്ന്‌ 25,000 രൂപ വീതം പിരിക്കുന്നത്‌. ഇതിനുവേണ്ടി മലപ്പുറം സർവീസ്‌ സഹകരണ ബാങ്കിൽ പ്രത്യേകം അക്കൗണ്ടും തുടങ്ങി. കേസ്‌ നടത്തിപ്പിന്‌ യുഡിഎഫ്‌ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ സമിതി നേതാക്കൾ ഡൽഹിയിലേക്ക്‌ പോയിട്ടുണ്ട്‌.
 
സിറ്റിങ്‌ ഫീസ്‌ നൽകണം
മലപ്പുറം
സർക്കാരിനെതിരെ കേസ്‌ നടത്താൻ പ്രാഥമിക സംഘങ്ങളിൽനിന്ന്‌ ഫണ്ടു പിരിക്കാൻ പുതിയ രീതിയുമായി യുഡിഎഫ്‌ അനുകൂല സംഘങ്ങൾ. സിറ്റിങ്‌ ഫീസ്‌ കേസ്‌ ഫണ്ടിലേക്ക്‌ നൽകാനാണ്‌ പുതിയ നിർദേശം. മാസത്തിൽ ഒരുതവണ മാത്രമേ സംഘം ഭരണസമിതിയുടെ യോഗങ്ങൾ ചേരാവൂ എന്നാണ്‌ നിയമം. എന്നാൽ ഇതു മറികടന്ന്‌ മാസത്തിൽ രണ്ടും മൂന്നും തവണ ബോർഡ്‌ യോഗം ചേർന്നതായി രേഖയുണ്ടാക്കി സിറ്റിങ്‌ ഫീസ്‌ സമാഹരിക്കുകയാണ്‌ ചില സംഘങ്ങളുടെ ഭാരവാഹികൾ. സഹകരണ സംഘങ്ങളുടെ ചെലവ്‌ നിയന്ത്രിക്കാൻ പരസ്യവും സംഭാവനയും നിയന്ത്രിച്ച്‌ ജോ. രജിസ്‌ട്രാറുടെ ഉത്തരവുണ്ടായിരുന്നു. അത്‌ കണക്കിലെടുക്കാതെ ചില സംഘങ്ങൾ 25,000 രൂപവീതം നൽകായാല്‍ നിയമപ്രശ്‌നമാകും എന്നു കണ്ടതോടെയാണ്‌ ഫണ്ട്‌ സമാഹരിക്കാനുള്ള പുതിയ തന്ത്രം.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top