17 September Tuesday

വരുന്നു വൻ പദ്ധതി ബിയ്യം കായലിന് കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ബിയ്യം കായൽ സംരക്ഷണ കർമ പദ്ധതിയുടെ റിപ്പോർട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രകാശനംചെയ്യുന്നു

 

പൊന്നാനി 
കാട്ടകാമ്പൽ വെട്ടിക്കടവ് മുതൽ പൊന്നാനി വരെ നീണ്ടുകിടക്കുന്ന ബിയ്യം കായലിനെ  സംരക്ഷിക്കാൻ ബൃഹത്തായ കർമപദ്ധതി തയ്യാറാവുന്നു. കാർഷിക–-  മത്സ്യ–- ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന പദ്ധതിക്കായി  തയ്യാറാക്കിയ മാനേജ്മെന്റ് ആക്ഷൻ പ്ലാനിന്റെ കരട് റിപ്പോർട്ട് സമർപ്പിച്ചു. 10 കോടി രൂപ ചെലവിൽ മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കാവുന്ന പദ്ധതിയുടെ കരട് റിപ്പോർട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പ്രകാശനംചെയ്തു. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ആൻഡ്‌ മാനേജ്മെന്റാണ് റിപ്പോർട്ട് തയ്യാറാക്കിയത്.  സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി എസ് ഹരികുമാറിന്റെ നേതൃത്വത്തിൽ 20 ലക്ഷം ചെലവൽ രണ്ട് വർഷംകൊണ്ടാണ് റിപ്പോർട്ട് പൂർത്തിയാക്കിയത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലാണ്  ഫണ്ട് നൽകിയത്.  
ബിയ്യം കായലിന്റെ പ്രത്യേകതകൾ, ആഴം, ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പ്, മലിനീകരണ തോത്, കായലുമായി ബന്ധപ്പെട്ട കൃഷിരീതികൾ, മത്സ്യസമ്പത്ത്‌, കായലോരത്തെ സംസ്കാര രീതികൾ, ടൂറിസം സാധ്യതകൾ,  തൂക്ക് പാലവും റഗുലേറ്റർ കം ബ്രിഡ്ജും നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവയാണ് പഠിച്ചത്.  
മലിന്യങ്ങളുടെ കുത്തൊഴുക്കാണ് കായൽ നേരിടുന്ന പ്രധാന പ്രശ്നമെന്ന്‌ റിപ്പോർട്ട് പറയുന്നു. ഇത് മത്സ്യസമ്പത്തിന്റെ ഗണ്യമായ കുറവിന് കാരണമാവുന്നതായും നെൽപ്പാടങ്ങൾ അമിതമായി തൂർക്കുന്നതും  നീരൊഴുക്ക് കുറഞ്ഞതും കായലിന്റെ തകർച്ചക്ക് വഴിവയ്ക്കുന്നതായും റിപ്പോർട്ടിലുണ്ട്‌.
കായലിനോട് ചേർന്നുകിടക്കുന്ന തദ്ദേശ സ്ഥാപനങ്ങളെയും ഫിഷറീസ് വകുപ്പിനേയും ഏകോപിപ്പിച്ച് മലിനീകരണത്തിന്റെ തോത് കുറയ്ക്കണമെന്നും നിരന്തര ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും കൃഷിക്കാവശ്യമായ വെള്ളത്തിന് ശാസ്ത്രീയമായ രീതികൾ അവലംബിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
വള്ളംകളി ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ ഉൾപ്പെടുത്തി ടൂറിസത്തിന്റെ  സാധ്യതകളും റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടുന്നു. തൂക്ക് പാലത്തിന്റെയും റഗുലേറ്ററിന്റെയും അറ്റകുറ്റപ്പണി എല്ലാ വർഷവും   നടത്തണമെന്നും തുരുത്തുകളും കണ്ടൽക്കാടുകളും വളർത്തിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊന്നാനി എംഇഎസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. ഡോ. എ ബി അനിത മുഖ്യ പ്രഭാഷണം നടത്തി. ഡോ. വി എ ആയിഷ, ഡോ. വി പി ദിനേശൻ എന്നിവർ സംസാരിച്ചു. ഡോ. പി എസ് ഹരികുമാർ സ്വാഗതം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top