16 July Thursday

അതിജീവനത്തിന്റെ മാരിവില്ലഴക്‌

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

കൊറോണ വൈറസ് ബാധിച്ച് അസുഖം സുഖമായഏഴുപേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന്‌ വീട്ടിലേക്ക് യാത്രയാക്കുന്നു

മലപ്പുറം
മാനത്തും മനസ്സിലും ആശങ്കയുടെ കാർമേഘം പരക്കുമ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിന്റെ മുറ്റത്ത്‌ അതിജീവനത്തിന്റെ മാരിവില്ലഴകായി ഏഴുപേർ. മഹാമാരിയെ തോൽപ്പിച്ച്‌ ആശുപത്രിയുടെ പടികടന്ന്‌ പുതുജീവിതത്തിലേക്കിറങ്ങിയവരിൽ ഗർഭിണിയായ യുവതിയും മൂന്നുവയസുകാരനായ മകനും. വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായ ഏഴുപേർ പൂർണാരോഗ്യത്തോടെയാണ്‌ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് വീടുകളിലേക്ക് മടങ്ങിയത്‌.  
  ഗർഭിണിയായ തിരൂർ ബിപി അങ്ങാടി കോട്ടത്തർമായിൻകണ്ടത്ത് വീട്ടിൽ അൻവാറ (27), ഇവരുടെ മൂന്നുവയസുകാരൻ മകൻ ധയ്യാൻ, കണ്ണമംഗലം എടക്കാപ്പറമ്പ് ടി പി മൻസിലിൽ  അമീൻ (21), ഇരിമ്പിളിയം മങ്കേരി ചവരേങ്ങ സുധീഷ് (36), കൂട്ടിലങ്ങാടി കീരംകുണ്ട് ഉമ്മത്ത് ആഷിഖ്‌ (23), പാലക്കാട് നെല്ലായ പുല്ലൂനിയിൽ രാജേഷ് (39), വെളിയങ്കോട് പുതിയവീട്ടിൽ ഷഫീർ (35) എന്നിവരാണ് രോഗമുക്തരായത്. 
  മെയ് ഒമ്പതിന് കുവൈത്തിൽനിന്ന് കൊച്ചി വഴിയാണ് അൻവാറയും മകനും എത്തിയത്. 12ന് ഇവർക്ക് വൈറസ് ബാധ കണ്ടെത്തി. പ്രസവസംബന്ധമായ തുടർ ചികിത്സയ്ക്കായി ഏഴ് ദിവസത്തിനുശേഷം അൻവാറ വീണ്ടും മെഡിക്കൽ കോളേജിലെത്തും. ക്വലാലംപൂരിൽനിന്ന് മെയ് 10ന് തിരിച്ചെത്തിയ അമീന് 21–-നാണ് രോഗബാധ സ്ഥിരീകരിച്ചത്. 
12ന് മാലി ദ്വീപിൽനിന്നെത്തിയ സുധീഷിന് 23നും രോഗബാധ സ്ഥിരീകരിച്ചു. 12ന് സിങ്കപ്പൂരിൽനിന്ന് പ്രത്യേക വിമാനത്തിലെത്തിയ ആഷിഖിന് 23–-നാണ് രോഗം സ്ഥിരീകരിച്ചത്‌. പാലക്കാട് നെല്ലായ സ്വദേശിയായ രാജേഷ്  13–-നാണ് കുവൈത്തിൽനിന്ന് പ്രത്യേക വിമാനത്തിൽ എത്തിയത്. ഏഴിന് അബുദാബിയിൽനിന്ന് എത്തിയശേഷം കോവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുന്നതിനിടെ 23–-നാണ് ഷഫീറിന് രോഗബാധ സ്ഥിരീകരിച്ചത്.  
  മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം പി  ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സർവൈലൻസ് ഓഫീസറുമായ ഡോ. കെ വി  നന്ദകുമാർ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീന ലാൽ, ഡോ. ഇ അഫ്‌സൽ, നോഡൽ ഓഫീസർ ഡോ. പി ഷിനാസ് ബാബു, ആർഎംഒമാരായ സഹീർ നെല്ലിപ്പറമ്പൻ, ഡോ. ജലീൽ, സന്നദ്ധപ്രവർത്തകരായ ഹമീദ് കൊടവണ്ടി, അബ്ദുൽ റഷീദ് എരഞ്ഞിക്കൽ എന്നിവർ ചേർന്നാണ്  യാത്രയാക്കിയത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top