02 July Thursday
ജില്ലയിൽ എട്ട്‌ ലക്ഷം വിദ്യാർഥികൾ

ഫസ്റ്റ്‌ ബെൽ മുഴങ്ങി; അക്ഷരയാത്ര തുടങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Jun 2, 2020

വിക്ടേഴ്‌സ്‌ ചാനലിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ഐഷാ നിഷ്‌മയും കൂട്ടിനെത്തിയ സഹോദരി അൻഷ ഷെറിനും

മലപ്പുറം
പത്താം ക്ലാസിൽ പഠിക്കുന്ന ഐഷ നിഹ്‌മക്ക്‌ കോവിഡിന്റെ പേരിൽ അധ്യയനം മുടങ്ങുമോ എന്നായിരുന്നു ആശങ്കയത്രയും. സ്‌കൂൾ തുറന്നില്ലെങ്കിൽ എങ്ങനെ പഠിക്കും, ക്ലാസിൽ പോകാതെ പരീക്ഷ എഴുതേണ്ടിവരുമോ... ഇങ്ങനെയുള്ള ആശങ്ക നിരവധിയായിരുന്നു. വിദ്യാർഥികളുടെ സംശയങ്ങൾക്ക്‌ വിരാമമിട്ട്‌  ഓൺലൈനിൽ ‘ഫസ്റ്റ്‌ ബെൽ’ മുഴങ്ങിയതോടെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിച്ചു. കണക്ക്‌, ഫിസിക്‌സ്‌, ബയോളജി വിഷയങ്ങളിലാണ്‌ ആദ്യദിനം ഐഷക്ക്‌‌ ക്ലാസ്‌ നടന്നത്‌. മികച്ച അധ്യാപകർ ഉദാഹരണസഹിതം ലളിതമായാണ്‌ പാഠഭാഗം ‌ വിശദീകരിച്ചത്‌. ദുരിതകാലത്തും വിദ്യാർഥികളോടുള്ള സർക്കാരിന്റെ കരുതൽ മികച്ചതാണെന്നും‌ എല്ലാവിധ നന്ദിയുണ്ടെന്നും മലപ്പുറം സെന്റ്‌‌ ജെമ്മാസ്‌ സ്‌കൂൾ വിദ്യാർഥിനിയായ ഐഷ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ പുത്തനുടുപ്പും ആരവങ്ങളുമില്ലാതെയാണ്‌ ഈ വർഷത്തെ അധ്യയന വർഷം ആരംഭിച്ചത്‌. പഠനം ഓൺലൈനായതോടെ കുട്ടിക്കൂട്ടം വീട്ടകങ്ങളെ പാഠശാലകളാക്കി മാറ്റി. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ മുൻകൂട്ടി തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം വിക്ടേഴ്‌സ്‌ ചാനലിലൂടെ‌യായിരുന്നു ക്ലാസുകൾ.‌ ഓരോ വിഷയങ്ങൾക്കും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസ്‌. ജില്ലയിൽ എട്ടുലക്ഷം വിദ്യാർഥികളാണ്‌ ഓൺലൈൻ അധ്യയനത്തെ ആശ്രയിക്കുന്നത്‌. ക്ലാസുകൾ ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ പ്രധാനാധ്യാപകരും ക്ലാസ്‌ ടീച്ചർമാരും കുട്ടികളുടെ വീടുകളിൽ പഠനത്തിന്‌ ആവശ്യമായ സൗകര്യമുണ്ടോയെന്ന്‌ ഉറപ്പുവരുത്തിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ജില്ലാ വിദ്യാഭ്യാസ വകുപ്പ്‌‌ ഏർപ്പെടുത്തും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെയും സഹകരണം തേടും.
പ്രധാന വാർത്തകൾ
 Top