08 July Wednesday
നിലമ്പൂരിൽ പ്രളയ പുനരധിവാസം ദ്രുതഗതിയിൽ

കരുതൽകരങ്ങളിൽ കവളപ്പാറയും

സ്വന്തം ലേഖകൻUpdated: Monday Jun 1, 2020

കവളപ്പാറ പുനരധിവാസത്തിനായി കാരാട് പൂർത്തിയായ വീടുകൾ

 
എടക്കര
നിലമ്പൂർ താലൂക്കിൽ 2019ലെ പ്രളയത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വീടും ഭൂമിയും വാസയോഗ്യമല്ലെന്ന്‌ പരിശോധനയിൽ ബോധ്യപ്പെട്ട താലൂക്കിലെ 322 കുടുംബങ്ങളിൽ വാസയോഗ്യ ഭൂമി വാങ്ങുന്നതിന് 222 കുടുംബങ്ങൾക്ക് ആറുലക്ഷം വീതം 13.32 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന്‌ അനുവദിച്ചിരുന്നു. കവളപ്പാറ ഉൾപ്പെട്ട പോത്ത്കല്ല് വില്ലേജിലെ 196  കുടുംബങ്ങൾകൂടി ഇതിൽ ഉൾപ്പെടും. താലൂക്ക് ഓഫീസിൽ അപേക്ഷയും രജിസ്റ്റർചെയ്ത ആധാരവും സമർപ്പിക്കുന്ന മുറയ്ക്ക് ഭൂമിക്ക്‌ തുക അനുവദിക്കുമെന്ന്‌ തഹസിൽദാർ ഡി ചന്ദ്രബോസ്‌ അറിയിച്ചു.  
ബാക്കി 100 കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ എം എ യൂസഫലി സ്‌പോൺസർചെയ്ത 33 വീടുകൾക്ക് ഭൂമി വാങ്ങാൻ ആറ് ലക്ഷം രൂപവീതം നേരത്തെ  അനുവദിച്ചിരുന്നു. വീടുകളുടെ പ്രവൃത്തി അവസാനഘട്ടത്തിലാണ്.  ബാക്കി 67 കുടുംബങ്ങൾക്ക് കെയർഹോം പദ്ധതിവഴി വീടുകൾക്ക് ഭൂമി വാങ്ങുന്നതിനും നടപടികൾ പുരോഗമിക്കുകയാണ്‌. വീ ഗാർഡ് സ്‌പോൺസർചെയ്ത അഞ്ച് വീടുകളുടെ  താക്കോൽ നേരത്തെ കൈമാറിയിരുന്നു.  
ചളിക്കൽ നിവാസികൾക്ക്‌ 34 വീട്‌
 പ്രളയം നാശംവിതച്ച മുണ്ടേരി ചളിക്കൽ ആദിവാസി കോളനിയിലെ 34 കുടുംബങ്ങൾക്ക്‌ വീടുകൾ നിർമിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയശേഷം വീടുകൾ മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. കലക്ടർ ചെയർമാനായ ടിആർഡിഎം ജില്ലാ മിഷനിലൂടെ ഫെഡറൽ ബാങ്കാണ് വീടുകൾ നിർമിച്ചുനൽകിയത്. സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് എടക്കര  പഞ്ചായത്തിലെ ഉതിരംകുളത്ത് നൽകിയ 5.27 ഏക്കർ ഭൂമിയിലാണ് ഭവനനിർമാണം പൂർത്തിയാക്കിയത്.  
10 കോടി രൂപയുടെ  സമഗ്ര ട്രൈബൽ ഭവന നിർമാണ പദ്ധതിയാണിത്. 650 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാൾ, പൂർണമായും ടൈൽപാകിയ നിലം, ഇലക്‌ട്രിഫിക്കേഷൻ എല്ലാം പൂർത്തിയാക്കിയാണ് വീടുകൾ കൈമാറുന്നത്. ഒരു കുടുംബത്തിന് 13 സെന്റും വീടും ലഭിക്കും. കൂടാതെ ട്രൈബൽ വില്ലേജിൽ അങ്കണവാടി, കൃഷിയിടം, തൊഴുത്ത്, കമ്യൂണിറ്റി ഹാൾ, ചുറ്റുമതിൽ എന്നിവ ഉൾപ്പെടും. ഇവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. 
കവളപ്പാറക്കാർക്ക്‌ 15 വീടായി
കവളപ്പാറ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തിയ 15 വീടുകളുടെ നിർമാണം പൂർത്തിയായി. 
പി വി അബ്ദുൽ വഹാബ്‌ എംപി  ചെയർമാനും പി വി അൻവർ എംഎൽഎ കൺവീനറുമായ റീബിൽഡ് നിലമ്പൂർവഴിയാണ്  വീടുകൾ പൂർത്തിയാക്കിയത്. വണ്ടൂർ കാരാട്ട്‌  സ്വദേശി കുനിയിൽ അഹമ്മദ് ഇഖ്ബാൽ നൽകിയ ഒന്നര ഏക്കറിൽ ഉജാല ജ്യോതി ലബോറട്ടറീസാണ്‌ വീടുകൾ നിർമിച്ചുനൽകിയത്. കാരാട് റോഡരികിലാണ്‌ വീടുകൾ. വീടുകളിൽ രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചിമുറി, ടൈൽസ് പാകിയ നിലം, വൈദ്യുതി എന്നീ സൗകര്യങ്ങളുണ്ട്‌.  
കോവിഡ് 19 പ്രതിസന്ധിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നീങ്ങുന്ന മുറയ്‌ക്ക്‌  വീടുകൾ കവളപ്പാറയിലെ പ്രളയബാധിതർക്ക് കൈമാറും. 
264 പേർക്ക്‌ 111.34 ഹെക്ടർ ഭൂമി
നിലമ്പൂർ താലൂക്കിൽ മാറ്റിപ്പാർപ്പിക്കേണ്ട 264 ആദിവാസി കുടുംബങ്ങൾക്കായി 111.34 ഹെക്ടർ ഭൂമിയുടെ സർവേ നടപടികൾ പൂർത്തിയായി. 
വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ്‌ റവന്യൂ വകുപ്പിന്‌ കൈമാറുന്നത്‌. കവളപ്പാറയിലെ ഭൂരഹിതരായ 24 കുടുംബങ്ങൾക്ക്‌ അപേക്ഷ നൽകുന്ന മുറയ്‌ക്ക്‌ ഭൂമി അനുവദിക്കും. 
പുതിയ കലക്ടർ ചുമതലയേറ്റാലുടൻ നേരിൽ കണ്ട്‌ നടപടികൾ വേഗത്തിലാക്കുമെന്ന്‌ പി വി അൻവർ എംഎൽഎ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top