23 January Wednesday

ആടിയും പാടിയും അവർ ഒത്തുകൂടി

സ്വന്തം ലേഖികUpdated: Thursday Aug 30, 2018

കണ്ണാടിക്കൽ വരുദൂർ ഗവ. എൽപി സ‌്കൂളിൽ അവധി ദിനം കഴിഞ്ഞെത്തിയ കുട്ടികൾ പാട്ട‌ും കളിയുമായി ഒത്തുചേർന്നപ്പോൾ

കോഴിക്കോട‌്
പു‌സ‌്തകവും  യൂണിഫോമും ബാഗുമെല്ലാം പ്രളയം കവർന്നതിന്റെ ചെറിയ സങ്കടമുണ്ടെങ്കിലും   റിൻഹയ‌്ക്കും  അമീനുമെല്ലാം ആവേശം ഒട്ടും കുറവല്ല. പാടാനും കളിക്കാനും  അവർ മുൻപന്തിയിലുണ്ട‌്.  കൈയടിച്ചും ഏറ്റുപാടിയും എൽകെജിക്കാർ മുതൽ നാലാം  ക്ലാസുകാർ വരെയുണ്ട‌് പിന്നണിയിൽ.  ഈ കുഞ്ഞു മനസ്സിൽ  ഇപ്പോൾ വീടിനെ വിഴുങ്ങിയ പ്രളയമില്ല... പാട്ടും കളിചിരികളും മാത്രം.
നഗരത്തിലെ പ്രധാന പ്രളയബാധിത മേഖലയായ കണ്ണാടിക്കലിലെ വരുദൂര‌് ഗവ. എൽപി സ‌്കൂളിൽ ഓണാവധി കഴിഞ്ഞ ആദ്യ ദിനം പ്രവേശനോത്സവം തന്നെയായിരുന്നു. 152 വിദ്യാർഥികൾ പഠിക്കുന്ന ഈ സ‌്കൂളിൽ 115 കുട്ടികളും പ്രളയ ദുരിതത്തിനിരയായവരാണ‌്. സ‌്കൂളും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു. കുട്ടികളിൽ ഭൂരിഭാഗത്തിനും പുസ‌്തകവും ബാഗും യൂണിഫോമുമെല്ലാം നഷ‌്ടപ്പെട്ടു. ആദ്യ ദിനം മാനസികോല്ലാസത്തിന‌് മാറ്റിവയ‌്ക്കുകയായിരുന്നു. ബാലസംഘം ജില്ലാ കമ്മിറ്റി അംഗം സി രാധാകൃഷ‌്ണനാണ‌് കുട്ടികളോടൊപ്പം ചെലവിട്ടത‌്. വിവിധ നാടൻ പാട്ടുകൾ  കുട്ടികളെക്കൊണ്ട‌് ഏറ്റുപാടിച്ചും കളിപ്പിച്ചും പകൽ രസകരമാക്കി. അതോടൊപ്പം ബാഗും ചെരിപ്പും നോട്ടുബുക്കുകളുമായി സന്നദ്ധ സംഘടനകളും സ‌്കൂളിലെത്തി. പുതിയ ബാഗും മറ്റും കിട്ടിയതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു. 
‘സ‌്കൂളിൽ വന്നപ്പോൾ നല്ല രസം. പാട്ടും കഥേം കേട്ടു. വീട്ടിൽ വെള്ളം കയറി എല്ലാം പോയിരുന്നു. മാമാന്റെ വീട്ടിലാണ‌് ഇപ്പോഴും. ന്റെ ട്രോഫിയും സമ്മാനങ്ങളും എല്ലാം പോയി’ കളിചിരികൾക്കിടയിലും ഇത‌് പറയുമ്പോൾ വിദ്യാർഥിയായ ആയിശ റിൻഹയുടെ മുഖത്ത‌് സങ്കടം. കരുമ്പൊയിൽതാഴത്തെ വീട്ടിൽ മുകളറ്റം വരെ വെള്ളത്തിലായി. സാധനങ്ങൾ മുകൾ തട്ടിലേക്ക‌് മാറ്റി വച്ചെങ്കിലും അവിടെയും വെള്ളം എത്തി. എൽകെജി മുതൽ നേടിയ ട്രോഫികളും ഉപജില്ലാ കലോത്സവത്തിന‌് അറബിഗാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സർട്ടിഫിക്കറ്റുമെല്ലാം പോയി. യൂണിഫോം നഷ‌്ടപ്പെട്ടതിനാൽ മറ്റ‌് വസ‌്ത്രം ധരിച്ചാണ‌് ആയിശ എത്തിയത‌്. ആയിശയും അനിയൻ റിഷാനും ഉമ്മയും ഉപ്പയും ഇപ്പോഴും ബന്ധുവീട്ടിലാണ‌്.   
ഓരോ കുട്ടിക്കും പങ്ക‌് വയ‌്ക്കുന്നുണ്ട‌് പ്രളയകാല അനുഭവങ്ങൾ.  വീടിന്റെ ഓടടക്കം പൂർണമായി മുങ്ങിയവരുമുണ്ട‌്.  11% വിദ്യാർഥികളുടെ ബുക്കും ബാഗും മറ്റും വെള്ളത്തിൽ നഷ‌്ടപ്പെട്ടു. എല്ലാവരും ക്യാമ്പിൽ നിന്ന‌് വീട്ടിലേക്ക‌് തിരിച്ചു വരാൻ തുടങ്ങിയിട്ട‌് കുറച്ച‌് ദിവസമേ ആയിട്ടുള്ളൂ. കളിചിരികൾക്കിടയിൽ പ്രളയത്തിൽ മുങ്ങിയ കഥയും കൂട്ടുകാർ പരസ‌്പരം പങ്ക‌് വെച്ചു.
സ‌്കൂളിൽ നടന്ന മാനസികോല്ലാസ ചടങ്ങിൽ കൗൺസിലർ ബിജുലാൽ അധ്യക്ഷനായി. കെ പി സുനി, കെ എസ‌് ചരേഷ‌്, കെ കിഷോർ, പ്രധാനാധ്യാപിക പി ആർ പ്രസന്ന എന്നിവർ സംസാരിച്ചു. സിപിഐ എം വേങ്ങേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ 50 ബാഗുകളും ബാലസംഘം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ 100 നോട്ട‌് ബുക്കുകളും സ‌്കൂളിൽ വിതരണം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top