30 May Saturday

ചക്കയാണ് താരം

കെ മുകുന്ദൻUpdated: Monday Mar 30, 2020
കുറ്റ്യാടി 
ചക്കക്കുപ്പുണ്ടോ എന്നല്ല ചക്കയുണ്ടോ ഒന്ന് തരാൻ എന്നാണിപ്പോ നാട്ടിൻപുറങ്ങളിലെ ചോദ്യം. നാട്ടിലും വീട്ടിലും ചക്ക താരമാവുകയാണ്. കറിയായും ഉപ്പേരിയായും പുഴുക്കായും പപ്പടമായും കോവിഡ് കാലത്ത് ചക്ക വിലസുകയാണ്.  വീണടിഞ്ഞ് ആർക്കും വേണ്ടാതെ നശിച്ചിരുന്ന ചക്കയ്‌ക്ക് നല്ലകാലം വന്നിരിക്കുന്നതായാണ് ഗ്രാമങ്ങളിൽനിന്നുള്ള വാർത്ത.  ചക്കയ്‌ക്കൊപ്പം മാങ്ങക്കും പ്രിയമേറിയിട്ടുണ്ട്. കഞ്ഞിയും ചക്കയും മാങ്ങാച്ചമ്മന്തിയും വീടുകളിൽ ഒരിടവേളക്കുശേഷം ഇഷ്ടവിഭവമായി. നാട്ടിൻപുറങ്ങളിൽ ചക്കയും മാങ്ങയും ഈ വർഷം കുറവാണ്. എന്നാൽ മലയോരത്ത് ചക്കയും മാങ്ങയും വൈകിയാണെങ്കിലും ആവശ്യത്തിനുണ്ട്. നിപാ കാലത്ത്‌ ചക്കയും മാങ്ങയും ആവശ്യത്തിലെറെ ഉണ്ടായിട്ടും ആർക്കും വേണ്ടാതായി. കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ  വന്നതോടെ ജോലിയൊന്നുമില്ലാതെ കുടുംബങ്ങളിലെ മുഴുവൻ അംഗങ്ങളും വീടുകളിൽ അടങ്ങിയതോടെ ചക്കപ്പുഴുക്ക്, ചക്കപ്പഴം, ചക്ക ഉപ്പേരി, ചക്കക്കുരുവും മാങ്ങയുമിട്ട കറി,  ചക്കപ്പായസം എന്നിങ്ങനെ വൈവിധ്യമാർന്ന ചക്കവിഭവങ്ങളാണ് വീടുകളിൽ ഒരുക്കുന്നത്.  കുടുംബശ്രീ സംഘ കൃഷികളും പഞ്ചായത്തുകളുടെയും കർഷക സംഘത്തിന്റെയും നേതൃത്വത്തിലുള്ള ജൈവ കൃഷികളും വിളവെടുപ്പ് തുടങ്ങി.  വയലുകളിൽ വെള്ളരിക്കയടക്കം പച്ചക്കറികളും സുലഭം. അതിഥി തൊഴിലാളികൾക്ക് ചക്ക, ചേമ്പ്, ചേന, കപ്പ എന്നിവയുടെ പുഴുക്കുകൾ ഇഷ്ടമായിരുന്നില്ല. ചപ്പാത്തിയും പൊറാട്ടയും, ചോറും കോഴിക്കറിയും കഴിച്ചിരുന്ന ഇവരും  തൊഴിൽ ഇല്ലാതായതോടെ ക്യാമ്പുകളിൽ ചക്കപ്പുഴുക്കുണ്ടാക്കുന്നുണ്ട്.   യുവാക്കൾ നാട്ടിൻപുറങ്ങളിലെ തോടുകളിലും പുഴകളിലും മത്സ്യം പിടിക്കുന്നതും പതിവായിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top