30 May Saturday

വിശപ്പിന്‌ പൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

  കോഴിക്കോട് 

കോവിഡ്‌ 19 പടരുന്ന സാഹചര്യത്തിലെടുത്ത കടുത്ത നിയന്ത്രണങ്ങളിലും സമൃദ്ധമായ ഭക്ഷണത്തിലൂടെ വിശപ്പിന് പൂട്ടിടുകയാണ്‌ ജില്ല. ശനിയാഴ്‌ച 5886 ഊണ്‍ സൗജന്യമായി നൽകി. കൂടാതെ 20 രൂപയ്ക്ക് നൽകുന്ന ഊൺ 759 പേർക്കും നൽകിയിട്ടുണ്ട്‌. 25 രൂപ നിരക്കിൽ 348 ഊൺ വീടുകളിലെത്തിച്ച് നൽകിയും കോവിഡ്‌ കാലത്ത്‌ ആരെയും പട്ടിണിക്കിടാതെ കാക്കുകയാണ്‌ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും. 
കോവിഡ് 19 വ്യാപനം തടയാൻ സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ആശ്വാസ നടപടികളുടെ ഭാഗമായി ഒരുക്കിയ സമൂഹ അടുക്കള വഴിയായിരുന്നു ഭക്ഷണവിതരണം. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അടുക്കള പ്രവർത്തിക്കുന്നത്. 
ജില്ലയിൽ ആകെ 81 സമൂഹ അടുക്കള തുറന്നതായി കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി സി കവിത പറഞ്ഞു. ഇതിൽ 75 അടുക്കള കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. 
വടകര താലൂക്കിൽ 22 പഞ്ചായത്തുകളിലായി 23 അടുക്കളയും കൊയിലാണ്ടി താലൂക്കിൽ 22 പഞ്ചായത്തുകളിലായി 23ഉം താമരശേരി താലൂക്കിൽ പത്ത് പഞ്ചായത്തുകളിലായി പത്തും കോഴിക്കോട് താലൂക്കിൽ 16 പഞ്ചായത്തുകളിലായി 16 അടുക്കളയുമുണ്ട്. കോഴിക്കോട് കോർപറേഷനിൽ രണ്ടും ഏഴ് മുനിസിപ്പാലിറ്റികളിലായി ഏഴ് അടുക്കളയും പ്രവർത്തിക്കുന്നു. 
 കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 75 സമൂഹ അടുക്കളയിൽ നിന്നാണ്‌ ശനിയാഴ്‌ച ഇത്രയും ഉച്ചഭക്ഷണം വിതരണംചെയ്‌തത്‌. ഭക്ഷണമില്ലാതെ വീടുകളിൽ ഒറ്റപ്പെട്ടവർക്കായാണ്‌ ഭക്ഷണം   തയ്യാറായിക്കൊണ്ടിരിക്കുന്നത്. ക്വാറന്റൈനിലും  ഐസൊലേഷനിലും   കഴിയുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ, തെരുവുകളിലും ലോഡ്ജ് മുറികളിലും താമസിക്കുന്നവർ തുടങ്ങി ആവശ്യക്കാർക്ക് വിവരമറിയിക്കാം. 
സൗജന്യഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശഭരണ സ്ഥാപനമാണ് തയാറാക്കുക. വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ വളന്റിയർ ടീം രൂപീകരിക്കും. വളന്റിയർ ടീം വീടുകളിൽ ഭക്ഷണം എത്തിക്കുന്നതിന് 25  രൂപ നൽകണം. ആരോഗ്യ നിബന്ധനകൾ എല്ലാ സമൂഹ അടുക്കളകളും പാലിക്കേണ്ടതാണ്. കിച്ചനിലുള്ളവർ നിർബന്ധമായും മാസ്‌കും കൈയുറകളും ധരിക്കണം. എല്ലാവരും ഹെൽത്ത് കാർഡ് ഉള്ളവരാണെന്ന് ഉറപ്പാക്കണം. പാചകത്തിനുള്ള  വെള്ളത്തിന്റെ  ഗുണനിലവാരം  ഉറപ്പാക്കണം. 
ആവശ്യമായ അരി തൊട്ടടുത്തുള്ള റേഷൻ ഡിപ്പോകളിൽനിന്ന് കിലോക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. പലവ്യഞ്ജനങ്ങളും പച്ചക്കറികളും സപ്ലൈകോ, ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങളിൽനിന്ന്‌ സംഘകൃഷി ഗ്രൂപ്പുകൾ,  പ്രാദേശിക കർഷകർ, കുടുംബശ്രീ സംരംഭക യൂണിറ്റുകൾ തുടങ്ങിയ സംവിധാനങ്ങളിൽനിന്ന്‌ സംഭരിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top