30 May Saturday

വ്യാജമദ്യ ലോബിക്കെതിരെ എക്‌സൈസ് നടപടി ശക്തം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
കോഴിക്കോട്
വ്യാജമദ്യ ലോബിക്കെതിരെ എക്‌സൈസ് നടപടികൾ ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു എൻഡിപിഎസ് കേസിലും മൂന്ന്  അബ്കാരി കേസുകളിലായി 1.030 കിഗ്രാം കഞ്ചാവും  990 ലിറ്റർ വാഷും അഞ്ച്  ലിറ്റർ ചാരായവും പിടിച്ചെടുത്തു. രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടി.
വടകര റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ മണിയൂർ, കരുവാഞ്ചേരി, കളരിക്കുന്ന് മലകളിൽ നടത്തിയ റെയ്ഡിൽ ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന 630 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 
ചേളന്നൂർ, കാക്കൂർ, കക്കോടി, പൂവത്തൂർ ഭാഗങ്ങളിൽ  കോഴിക്കോട് എക്‌സൈസ് സർക്കിൾ പാർടിയും ചേളന്നൂർ റെയിഞ്ച് പാർടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 300 ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.   
പേരാമ്പ്ര എക്‌സൈസ് സർക്കിൾ പാർടി കീഴരിയൂർ പ്രദേശത്ത്  നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ ചാരായവും 60 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പേരാമ്പ്ര ടൗണിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി കോട്പ നിയമപ്രകാരം പിഴ ഈടാക്കി.
എകരൂൽ, പൂവമ്പായി റോഡിൽ കാപ്പിയിൽ ഭാഗത്ത്  സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 1.030 കിഗ്രാം കഞ്ചാവുമായി താമരശേരി താലൂക്കിൽ ഉണ്ണികുളം മുഹമ്മദ് ഷഹീൻ എന്നയാളെ താമരശേരി റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ കെ ഷാജിയും സംഘവും പിടികൂടി കേസെടുത്തിരുന്നു.
പ്രധാന വാർത്തകൾ
 Top