29 May Friday

കാക്കിയുടെ കാരുണ്യം: തെരുവുനായ്‌ക്കളുടെ പട്ടിണിയകന്നു

സ്വന്തം ലേഖികUpdated: Sunday Mar 29, 2020

മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോഴിക്കോട്‌ സിറ്റി പോലീസ്‌ തെരുവുനായകൾക്ക്‌ ഭക്ഷണം നൽകുന്നു

കോഴിക്കോട്‌ 
തെരുവുനായ്‌ക്കളുടെ പട്ടിണിയും മാറുന്നു. തെരുവുനായ്‌ക്കളുടെ വിശപ്പകറ്റാൻ പാത്രങ്ങളിൽ ഭക്ഷണവുമായി പൊലീസെത്തി. സിറ്റി പൊലീസ്‌ പരിധിയിലാണ്‌ കാക്കിയുടെ കാരുണ്യം. കോവിഡ്‌ പടരുമ്പോൾ മിണ്ടാപ്രാണികളുടെ വിശപ്പകറ്റാനും ശ്രദ്ധവേണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരമാണ്‌ ഈ നന്മ. ഇതു സംബന്ധിച്ച്‌ ‘ദേശാഭിമാനി’യിലും കഴിഞ്ഞദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. 
  കഴിഞ്ഞദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ്‌ തെരുവു നായ്‌ക്കളുടെ വിശപ്പകറ്റാൻ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടത്‌. പിറ്റേ ദിവസം തന്നെ ഇത്‌ ജില്ലാ സിറ്റി പൊലീസ്‌ മേധാവി എ വി ജോർജ്‌ നടപ്പാക്കുകയായിരുന്നു. 
ഓരോ പൊലീസ്‌ സ്‌റ്റേഷനിലും അഞ്ചുകിലോ അരി വീതം തെരുവുനായ്‌ക്കൾക്ക്‌ ഭക്ഷണമുണ്ടാക്കാൻ നീക്കിവച്ചിട്ടുണ്ടെന്ന്‌ കമീഷണർ പറഞ്ഞു. ഇത്‌ അടുത്ത ദിവസവും തുടരും. സ്‌റ്റേഷനിൽ ഉണ്ടാക്കുന്ന കറികളിൽ ഒരു പങ്കും ഇതിന്‌ കൂട്ടിച്ചേർക്കും. പൊലീസ്‌ സ്‌റ്റേഷൻ പരിസരത്തും ലിങ്ക്‌ റോഡ്‌, ലോറി സ്‌റ്റാൻഡ്‌ പരിസരം തുടങ്ങി നഗരത്തിലെ വിവിധയിടങ്ങളിലുമെല്ലാം  ആഹാരം നൽകി. വാഹനപരിശോധന ഉൾപ്പെടെ മറ്റു പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ്‌ പൊലീസിന്റെ ഈ പ്രതിരോധ പ്രവർത്തനം. 
പ്രധാന വാർത്തകൾ
 Top