26 May Tuesday

പട്ടിണിയില്ലാ കാലം

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
കോഴിക്കോട്‌
കോവിഡ്‌ 19  ജാഗ്രതയിൽ ജോലിക്ക്‌ പോകാനാവാത്തവർക്ക്‌ വീട്ടിൽ ഭക്ഷണമെത്തിച്ച്‌ ജില്ലയിൽ 59 കമ്യൂണിറ്റി അടുക്കളകൾ. ഒരാളും പട്ടിണി കിടക്കരുതെന്ന സംസ്ഥാന സർക്കാരിന്റെ  കരുതലാണ്‌ ഭക്ഷണപ്പൊതികളായി ഓരോ വീടുകളിലുമെത്തുന്നത്‌. തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സഹകരണത്തിലുള്ള അടുക്കളകളിൽനിന്ന്‌ ചോറും കറികളുമടങ്ങിയ പൊതികൾ ഉച്ചയ്‌ക്കും രാത്രിയുമാണ്‌ വിതരണം ചെയ്യുന്നത്‌. 
വെള്ളിയാഴ്‌ചയാണ്‌ ഭൂരിഭാഗം അടുക്കളകളും സജ്ജീകരിച്ച്‌ ഭക്ഷണം വിളമ്പിയത്‌.  ബാക്കിയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ശനിയാഴ്‌ചയോടെ കമ്യൂണിറ്റി അടുക്കളകൾ ആരംഭിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തിലാണ്‌  പ്രവർത്തനം. ഓരോ വാർഡിലെയും ജനപ്രതിനിധികൾ വേണ്ട ആളുകളുടെ എണ്ണമെടുത്ത്‌ അതിനനുസരിച്ചാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌. ഇത്‌ വാഹനത്തിൽ വളന്റിയർമാർ വീടുകളിലെത്തിക്കും. നിർധനർക്ക്‌  ഭക്ഷണം സൗജന്യമാണ്‌. മറ്റുള്ളവർ 20 രൂപ നൽകണം. 
കമ്യൂണിറ്റി കിച്ചൻ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങൾ:  കോഴിക്കോട്‌ കോർപറേഷൻ (രണ്ടെണ്ണം), മുക്കം, പയ്യോളി, ഫറോക്ക്‌, വടകര, കൊയിലാണ്ടി (നഗരസഭകൾ), ബാലുശേരി, പനങ്ങാട്‌, കൂരാച്ചുണ്ട്‌, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി, കാരശേരി, കൊടിയത്തൂർ, തിരുവമ്പാടി, കോടഞ്ചേരി, ചാത്തമംഗലം, മാവൂർ, മൂടാടി, തുറയൂർ, രാമനാട്ടുകര, കടലുണ്ടി, പേരാമ്പ്ര, ചക്കിട്ടപാറ, ചെറുവണ്ണൂർ, നാദാപുരം, വളയം, വാണിമേൽ, ചെക്യാട്‌, തൂണേരി, പുറമേരി, എടച്ചേരി, മണിയൂർ, തിരുവള്ളൂർ,  ഏറാമല, ഒഞ്ചിയം, ചോറോട്‌, അഴിയൂർ, ചേമഞ്ചേരി, കുന്നുമ്മൽ, നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര, കുറ്റ്യാടി, വേളം, പുതുപ്പാടി, കൊടുവള്ളി, ഒളവണ്ണ, കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, മടവൂർ, കുരുവട്ടൂർ, നരിക്കുനി (പഞ്ചായത്തുകൾ) എന്നിവിടങ്ങളിൽ ഒന്നുവീതം കമ്യൂണിറ്റി കിച്ചനുകളാണ്‌ ആരംഭിച്ചത്‌. 
ശനിയാഴ്‌ച മുതൽ തുടങ്ങുന്ന സ്ഥലങ്ങൾ: 
കോഴിക്കോട്‌ കോർപറേഷൻ (രണ്ട്‌), അത്തോളി, കൂടരഞ്ഞി, പെരുവയൽ, പെരുമണ്ണ, കുന്നമംഗലം, തിക്കോടി, നൊച്ചാട്‌, കായണ്ണ, ചങ്ങരോത്ത്‌, കൂത്താളി, വില്ല്യാപ്പള്ളി, ആയഞ്ചേരി, കട്ടിപ്പാറ, താമരശേരി, ഓമശേരി, കിഴക്കോത്ത്‌ പഞ്ചായത്തുകൾ. 
ചെങ്ങോട്ടുകാവ്‌ പഞ്ചായത്തിൽ അടുത്ത ദിവസം തന്നെ തുടങ്ങും.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top