താമരശേരി
വനിതാ ദിനത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുമായി കെഎസ്ആർടിസി. താമരശേരി ഡിപ്പോയിൽ ബജറ്റ് ടൂറിസം പാക്കേജ് മികച്ചരീതിയിൽ മൂന്നോട്ട് പോവുന്നത്തിനിടയിലാണ് വുമൺ ട്രാവൽ വീക്ക് എന്ന പേരിൽ വനിതകളെ ആകർഷിക്കാനുള്ള പദ്ധതി. മാർച്ച് എട്ടുമുതൽ 13 വരെ നീളുന്നതാണ് പാക്കേജ്. സ്ത്രീകൾക്ക് മാത്രമായി മൂന്നാർ, നെല്ലിയാമ്പതി, വയനാട്, വാഗമൺ, ഗവി എന്നിവിടങ്ങളിലേക്കാണ് യാത്ര.
മൂന്നാറിലേക്ക് 39 പേർക്ക് യാത്രചെയ്യാവുന്ന എയർബസ് സർവീസായിരിക്കും. ടാറ്റാ ടീ മ്യൂസിയം, ടോപ്പ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയിന്റ്, ഫിലിം ഷൂട്ടിങ് പോയിന്റ്, ബോട്ടിങ് സൗകര്യമുള്ള മാട്ടുപെട്ടി ഡാം, ടീ ഗാർഡൻ ഫോട്ടോ പോയിന്റ്, ഫോറസ്റ്റ് ഫ്ലവർ ഗാർഡൻ എന്നിവിടങ്ങൾ സന്ദർശിക്കും. ഒരാൾക്ക് 1750 രൂപയാണ് നിരക്ക്.
ഭക്ഷണത്തിന്റെയും അഞ്ചുകേന്ദ്രങ്ങളിലെ ടിക്കറ്റിന്റെയും ചെലവ് യാത്രക്കാർ വഹിക്കണം. നെല്ലിയാമ്പത്തിക്ക് 38 പേരടങ്ങുന്ന രീതിയിലാണ് യാത്രാ ക്രമീകരണം. നാലുനേരത്തെ ഭക്ഷണമുൾപ്പെടെ 1050 രൂപയാണ് ഈടാക്കുക. വയനാട് യാത്രയിൽ 50 പേരടങ്ങുന്ന ടീമിന് 650 രൂപയാണ് നിരക്ക്.
കുടുംബശ്രീ, മറ്റ് സംഘങ്ങൾ എന്നിവർ ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രത്യേക പാക്കേജ് സജ്ജീകരിക്കുമെന്ന് വനിതാ യാത്ര കോ–-ഓർഡിനേറ്റർ ബിന്ദു സദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..