കുന്നമംഗലം
‘പത്തുദിവസം സുഖവാസ കേന്ദ്രത്തിൽ കഴിഞ്ഞ അനുഭവമാ സാറേ. ഇവിടെ ഞാനൊന്നുമറിഞ്ഞിട്ടില്ല. വീട്ടിലാണെങ്കിൽ എന്തെല്ലാം പണികൾ ചെയ്യണം. ഇവിടെ സമയത്തിന് ഭക്ഷണം. ഇനിയിപ്പോൾ ഇതെല്ലാം ഞാൻ വീട്ടിൽ ചെയ്യേണ്ടേ? ആ സന്തോഷദിനങ്ങൾ പോയല്ലോ സാറേ. വീട്ടിലേക്ക് തിരിച്ച് പോവാൻ തോന്നുന്നില്ല’. എൻഐടി എംബിഎയുടെ സിഎഫ്എൽടിസിയിൽ നിന്ന് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് പുറപ്പെടുംമുമ്പ് ഒരു വീട്ടമ്മ പറഞ്ഞ വാക്കുകളാണിത്.
ഇവിടെ സിഎഫ്എൽടിസികൾ സൂപ്പറാ... കേരളത്തിൽ ആദ്യമായി സിഎഫ്എൽടിസി തുടങ്ങിയത് കോഴിക്കോട് ജില്ലയിലാണ്. കോഴിക്കോട് ബീച്ചിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ. ജില്ലയിൽ രണ്ടാമതായി തുടങ്ങിയതാകട്ടെ എൻഐടി എംബിഎ ഹോസ്റ്റലിലും. എൻഐടി മെഗാ ഹോസ്റ്റലിലും സെന്റർ ആരംഭിച്ചു. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ കോവിഡ് കെയർ സെന്ററുകളായാണ് തുടങ്ങിയത്.
വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് വന്നവരെ ക്വാറന്റൈൻ ചെയ്യിക്കാനുള്ള കേന്ദ്രങ്ങളായിരുന്നു ഇവ. കോവിഡിന്റെ വ്യാപനത്തോടെ ആശുപത്രികൾ കോവിഡ് രോഗികളാൽ നിറഞ്ഞു കവിഞ്ഞപ്പോഴാണ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങാൻ സർക്കാരും ആരോഗ്യവകുപ്പും തീരുമാനിച്ചത്.
ഇവിടെ ഹാപ്പിയാണ്
കോവിഡ് പരിശോധനാ ഫലം പോസിറ്റീവാകുന്നതോടെ ജീവിതം അവസാനിച്ചു എന്ന തോന്നലോടെ തികച്ചും ഭയത്തോടെയാണ് പലരും ഇവിടേക്കെത്തിയത്. എന്താണ് സംഭവിക്കുക? മരണത്തെ മുഖാമുഖം കണ്ട അവസ്ഥ.
ഒറ്റപ്പെടലിന്റെ വേദന. മാനസിക പിരിമുറുക്കത്തിന്റെ മൂർധന്യാവസ്ഥയിലാണ് പലരും ഇവിടേക്കെത്തിയതെന്ന് കോവിഡ് കേന്ദ്രത്തിന്റെ നോഡൽ ഓഫീസറായ ഡോ. സി കെ ഷാജി പറയുന്നു.
പലരും വിഷാദരോഗത്തിന്റെ ആഴക്കയങ്ങളിലേക്ക് പതിക്കുന്ന അവസ്ഥ. ഇതിനെ മറികടക്കുകയായിരുന്നു ആദ്യ പ്രതിസന്ധി. മാനസിക പിരിമുറുക്കം മാറ്റാൻ ഡോക്ടറുടെ നേതൃത്വത്തിൽ വിനോദ പരിപാടികൾ ആരംഭിച്ചു. ടിവി കാണാനുള്ള സൗകര്യമേർപ്പെടുത്തി. കാരംസ് ബോർഡും, ചെസ് ബോർഡും വിവിധ മാഗസിനുകളും പത്രങ്ങളും എത്തിച്ചു. കലാഭവൻ സതീഷ് ഉൾപ്പെടെ ഇവിടെ എത്തിയ കലാപ്രതിഭകൾ ഏകാന്തതകളെ ആഘോഷമാക്കി മാറ്റി. കേന്ദ്രത്തിന്റെ 70-ാം ദിനാഘോഷം കേക്ക് മുറിച്ച് ആരോഗ്യ പ്രവർത്തകർ ഉത്സവമാക്കി മാറ്റി. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന തിരിച്ചറിവുണ്ടായി.
മരുന്നും കൗൺസലിങ്ങും
മാനസിക പിരിമുറുക്കത്തിൽ എത്തുന്നവരെ കൗൺസലിങ്ങിന് വിധേയമാക്കി. പ്രകൃതിരമണീയമായ സ്ഥലം. ആധുനിക സൗകര്യങ്ങളുള്ള മനോഹരമായ കെട്ടിടങ്ങൾ. വിവിധ രോഗങ്ങളുള്ളവർക്ക് അവർക്കാവശ്യമുള്ള മരുന്നുകൾ നൽകി. കെഎംഎസ്സിഎല്ലാണ് മരുന്നുകൾ എത്തിച്ചുനൽകിയത്. എ, ബി, സി കാറ്റഗറികളിലായി രോഗികളെ തിരിച്ചു.
രക്തസമ്മർദവും ഓക്സിജന്റെ അളവും ദിവസം രണ്ടുനേരം ഡോക്ടർമാർ പരിശോധിച്ചു. ഓരോ കേന്ദ്രത്തിലും നോഡൽ ഓഫീസർ, ഡോക്ടർമാർ, നേഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, സ്റ്റോർ കീപ്പർ, പേഷ്യന്റ് കെയർ ടേക്കേഴ്സ്, ശുചീകരണ തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ എന്നിങ്ങനെ രാപ്പകലില്ലാതെ ജോലിചെയ്യുന്നു. 3400ൽ അധികം ആളുകൾ ഈ കേന്ദ്രത്തിൽ താമസിച്ച് പുറത്തുപോയിട്ടുണ്ട്.
ഫൈവ് സ്റ്റാറിനെ വെല്ലുന്ന സൗകര്യം
ആധുനിക സൗകര്യമുള്ള മുറികൾ. യൂറോപ്യൻ ക്ലോസറ്റുള്ള ശുചിമുറികൾ. വരുന്നവർക്കെല്ലാം മഗ്, ബക്കറ്റ്, ബെഡ്, ബെഡ്ഷീറ്റ്, തലയിണ, സോപ്പ്, പേസ്റ്റ്, ടൂത്ത് ബ്രഷ്, സാനിറ്റൈസർ, ഡിറ്റർജന്റ് പൗഡർ, മാസ്ക്, കൊതുക് തിരി മുതൽ എല്ലാം സൗജന്യമായി സർക്കാർ നൽകി. വസ്ത്രവുമായി മാത്രം എത്തിയാൽ മതി. 350 പേരെ താമസിപ്പിക്കാനുള്ള സൗകര്യം എംബിഎ ഹോസ്റ്റലിലുണ്ട് റിസോർട്ടിൽ കഴിഞ്ഞതുപോലുള്ള അനുഭവമാണ് പലരും പങ്കുവച്ചത്.
കോഴിക്കോട് നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഈ സൗകര്യം ഉപയോഗിക്കുന്ന ഒരാളുടെ ദിവസവാടക 7500 രൂപയാണ്. ഒരു രോഗി ശരാശരി പത്ത് ദിവസമാണ് ഇവിടെ കഴിയുന്നത്. പത്തുദിവസത്തെ ചെലവ് 75000 രൂപയെങ്കിൽ ഈ ഒരു കേന്ദ്രത്തിലെ 3400 രോഗികൾക്ക് മാത്രം സർക്കാർ ചെലവഴിച്ചത് ഏകദേശം 25,50,00,000 രൂപയാണെന്ന് അറിയുമ്പോൾ മാത്രമാണ് ജനപക്ഷത്തുള്ള ഒരു സർക്കാർ പ്രജകളുടെ ആരോഗ്യത്തിന് നൽകിയ തുകയുടെ ആഴം നമുക്ക് മനസ്സിലാവുകയുള്ളൂ. മെഗാ ഹോസ്റ്റലിൽ പ്രവേശിപ്പിക്കപ്പെട്ടവർ 3000 പേർ ആണ്. എൻഐടിയുടെ മറ്റൊരു കേന്ദ്രത്തിൽ 600 പേരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..