സ്വന്തം ലേഖകൻ
കോഴിക്കോട്
മകൾ പഠിച്ച നല്ലപാഠങ്ങളുടെ ബലത്തിലാണ് റിൻഷ ഫാത്തിമയുടെ ഉപ്പയും ഉമ്മയും ഇന്ന് ഭൂമിയിൽ ബാക്കിയാവുന്നത്. ഷോക്കേറ്റ് പിടയുന്നവരെ എങ്ങനെയൊക്കെ രക്ഷിക്കാമെന്ന് പാഠപുസ്തകം തൊട്ട് ധനൂപ് മാഷ് പഠിപ്പിച്ചതൊന്നും പതിരായിപ്പോയില്ല. പഠിച്ചതെല്ലാം പാഠപുസ്തകങ്ങളിൽ ഉപേക്ഷിക്കുന്നവരെന്ന് പുതുതലമുറയെ പഴിപറയുന്നവർ കേൾക്കേണ്ടതാണ് ഈ മിടുക്കിയുടെ കഥ. കൊടുവള്ളി മാനിപുരം എയുപി സ്കൂളിലെ ഏഴാം ക്ലാസുകാരി റിൻഷ ഉപ്പ റഷീദിനെയും ഉമ്മ മിന്നത്തിനെയും ജീവിതത്തിലേക്ക് തിരികെയെത്തിച്ച കഥ അതിശയിപ്പിക്കുന്നതാണ്.
വാട്ടർ ഗൺ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് മാനിപുരം കരീറ്റിപറമ്പ് സ്വദേശിയായ റഷീദിന് വൈദ്യുതാഘാതമേറ്റത്. നിലവിളി കേട്ടെത്തിയ ഭാര്യ മിന്നത്തും മകളും കണ്ടത് വാട്ടർ ഗണ്ണുമായി പിടയുന്ന റഷീദിനെ. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മിന്നത്തിനും ഷോക്കേറ്റു. ഇതിനിടെയാണ് സമീപത്തുണ്ടായിരുന്ന പിക്കാസെടുത്ത് റിൻഷ വാട്ടർ ഗൺ അടിച്ചുതെറിപ്പിച്ചത്. എങ്ങുനിന്നോ കൈവന്ന ധൈര്യത്തിലാണ് റിൻഷ അബോധാവസ്ഥയിലായ റഷീദിന് കൃത്രിമശ്വാസം നൽകിയതും ഇരു കൈകളാലും ശക്തിയായി ഇടിച്ച് ഹൃദയമിടിപ്പ് നിലനിർത്തിയതും. റിൻഷയും ബോധം വീണ്ടുകിട്ടിയ മിന്നത്തും ചേർന്ന് റഷീദിനെ ആശുപത്രിയിൽ എത്തിക്കുന്നതുവരെ കൃത്രിമശ്വാസം നൽകൽ തുടർന്നു.
‘ഉപ്പയും ഉമ്മയും ഷോക്കേറ്റ് പിടയുന്നത് കണ്ടപ്പോൾ ഭയന്നുപോയെങ്കിലും ധനൂപ് മാഷ് സയൻസ് ക്ലാസിൽ പഠിപ്പിച്ച സയൻസ് പാഠമാണ് ഓർത്തത്. ഷോക്കേറ്റയാളെ രക്ഷിക്കാൻ വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തേണ്ടത് എങ്ങനെയെന്ന് ക്ലാസിൽ നന്നായി വിവരിച്ചിരുന്നു. കൃത്രിമശ്വാസം നൽകുന്നത് ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂഷയെക്കുറിച്ച് പഠിച്ചത് മനസ്സിലുണ്ടായിരുന്നു. ശാസ്ത്രത്തിന് നന്ദി’–-- റിൻഷ പറയുന്നു.
ആശുപത്രിയിൽ ചികിത്സയിലുള്ള റഷീദ് സുഖം പ്രാപിച്ചുവരികയാണ്. ജീവൻ ബാക്കിയായതിന് മകളോടും ശാസ്ത്രത്തോടും പാഠങ്ങൾ പകർന്ന അധ്യാപകരോടും നന്ദി പറയുകയാണിവർ.
നിങ്ങളുടെ ക്ലാസ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞങ്ങളുണ്ടാകില്ലായിരുന്നു എന്ന് ഓമശേരിയിലെ ആശുപത്രിയിൽ കാണാൻ എത്തിയപ്പോൾ റഷീദ് കൈപിടിച്ച് നെഞ്ചിൽവച്ച് പറഞ്ഞത് അധ്യാപകൻ പി പി ധനൂപിന് മറക്കാനാകില്ല. "റിൻഷ മിടുക്കിയായ കുട്ടിയാണ്. പഠിച്ചതൊന്നും പതിരാവുന്നില്ലെന്ന് തെളിയിക്കുന്നതാണ് ഈ അനുഭവം’–- -റിൻഷയുടെ പ്രിയ അധ്യാപകനായ ധനൂപിന്റെ വാക്കിൽ നിറയുന്നുണ്ട് സന്തോഷം.
31ന് സ്കൂൾ പഠനോത്സവത്തിൽ റിൻഷയെ അനുമോദിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..