07 April Tuesday

വീട്ടിലിരുന്ന്‌ വിദ്യാർഥികൾക്ക്‌ മത്സരം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കോഴിക്കോട്‌ 
കോവിഡ് പ്രതിരോധകാലത്ത് കുട്ടികളുടെ അവധിദിനങ്ങളെ സർഗാത്മകമാക്കാൻ ക്യാൻവാസ് 2020. സമഗ്ര ശിക്ഷ കോഴിക്കോട് ആണ് ബിആർസി തലത്തിലും പിന്നീട് ജില്ലാ തലത്തിലും വിദ്യാർഥികൾക്കായി കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 15 ബിആർസികളിലും നടത്തുന്ന മത്സരത്തിൽ 25 മുതൽ 31 വരെയുള്ള കാലയളവിലെ കുട്ടികളുടെ സർഗസൃഷ്ടികളാണ് പരിഗണിക്കുക. പെയിന്റിങ്, പോസ്റ്റർ രചന, വായന കുറിപ്പ്, ഡയറി കുറിപ്പ്  എന്നീ നാല് ഇനങ്ങളിലാണ് മത്സരം. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ആദ്യഘട്ടത്തിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ബിആർസി തലത്തിൽ സമ്മാനങ്ങൾ നൽകും.
ഇവിടെനിന്ന്‌ തെരഞ്ഞെടുക്കുന്ന മികച്ച രചനകളുടെ പ്രകാശനവും പ്രദർശനവും കോവിഡ് നിയന്ത്രണകാലത്തിന് ശേഷം കോഴിക്കോട്ട്‌ സംഘടിപ്പിക്കും. മികച്ച മൂന്ന് രചനകൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കോവിഡ് 19 രോഗവും രോഗഭീതിയും, പ്രതിരോധ മാർഗങ്ങൾ, പരിസ്ഥിതി വെല്ലുവിളികൾ, സഹജീവി സ്നേഹവും കരുതലും എന്നിവ പ്രമേയമാക്കിയാണ് ഓരോ ഇനത്തിലും രചന നടത്തേണ്ടത്. ഒരു കുട്ടിക്ക് ഒന്നിൽ  കൂടുതൽ സൃഷ്ടികൾ മത്സരത്തിനയക്കാം.  സൃഷ്ടികളുടെ ഫോട്ടോയെടുത്ത് ബിആർസി ചുമതലയുള്ള അധ്യാപകന് ഏപ്രിൽ ഒന്നിനകം വാട്സ് ആപ്പിൽ അയക്കണം. പെയിന്റിങ്ങിൽ എത് മാധ്യമവും ഉപയോഗിക്കാം.  ഈ അവധിക്കാലത്ത് വായിച്ച ഒരു പുസ്തകം അടിസ്ഥാനമാക്കിയാണ് വായന കുറിപ്പ്. -പത്ത് പേജിൽ കവിയരുത്‌. 
കോവിഡ് 19 കാലത്ത് കുട്ടികളുടെ മനസ്സിലെ പേടിയും സമ്മർദവും ഇല്ലാതാക്കി സർഗശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ പ്രോജക്ട് കോഡിനേറ്റർ എ കെ അബ്ദുൾ ഹക്കീം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top