കോഴിക്കോട്
അമിതമായ വിമാനനിരക്കും കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി കൊള്ളയും കാരണം വിദേശത്തേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി നിർത്തുന്നു. വ്യാഴം അർധരാത്രി മുതൽ കേരളത്തിലെ നാല് വിമാനത്താവളങ്ങൾ വഴിയും കൊച്ചി കപ്പൽ മാർഗവുമുള്ള കയറ്റുമതി അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് ഓൾ കേരള വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ട് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡിനുമുമ്പ് കി.ഗ്രാമിന് 35 –- 50 രൂപയാണ് വിമാനകമ്പനികൾ കാർഗോ ചാർജ് ഈടാക്കിയിരുന്നത്. കോവിഡ് കാലത്ത് യാത്രാവിമാനങ്ങൾ ഇല്ല എന്ന കാരണം പറഞ്ഞ് ഇത് 100 രൂപയിൽ അധികമാക്കി. യുഎഇയിലേക്ക് 60 രൂപയും ഗൾഫ് രാജ്യങ്ങളിലേക്ക് 100 രൂപയും യൂറോപ്യൻ രാജ്യങ്ങളിലേക്ക് 200ന് മുകളിലുമാണ്. കോവിഡ് കാലം കഴിഞ്ഞ് യാത്രാവിമാനങ്ങൾ പൂർണതോതിൽ സർവീസ് ആരംഭിച്ചിട്ടും നിരക്ക് കുറച്ചിട്ടില്ല. ഇതിന്റെ കൂടെ കാർഗോ ചാർജിന്റെ 18 ശതമാനം ജിഎസ്ടിയും കേന്ദ്രം ചുമത്തി. ഇതോടെ വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഗുരുതര പ്രതിസന്ധിയിലായി.
കേരളത്തിലെ വിമാനത്താവളം വഴി ശരാശരി 300 ടൺ പഴം, പച്ചക്കറികളാണ് പ്രതിദിനം കയറ്റി അയക്കുന്നത്. സീസണിൽ ഇത് ആയിരം കടക്കും. കൊച്ചിയിൽ നിന്ന് കപ്പൽ മാർഗം വേറെയും. കയറ്റുമതി പൂർണമായി നിലയ്ക്കുന്നതോടെ സർക്കാരിന് റവന്യു വരുമാനത്തിൽ വൻ നഷ്ടമുണ്ടാവും.
വിദേശത്തേക്കുള്ള പഴം, പച്ചക്കറി കയറ്റുമതിയിൽ 75 ശതമാനവും കേരളത്തിൽ നിന്നാണ്. ചരക്കുഗതാഗതനിരക്ക് വർധിച്ചതോടെ കയറ്റുമതി മൂന്നിലൊന്നായി. പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ കുറഞ്ഞ ചെലവിൽ ചരക്കുകൾ എത്തിക്കാൻ മത്സരിക്കുകയാണ്. ഇത് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയാണെന്നും വ്യാപാരികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പി ഇ അഷ്റഫലി, സെക്രട്ടറി എം അബ്ദുറഹ്മാൻ, ടി വി അഫ്സൽ, എ ബാബു, ഫവാസ് ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..