24 October Sunday

അവർ ഒത്തുകൂടി, 
പരീക്ഷയ്‌ക്കായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

ബിഇഎം ഗേൾസ് എച്ച്എസ്എസിൽനിന്ന് പ്ലസ്‌ വൺ പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികൾ

കോഴിക്കോട്‌ 
അധ്യയനം തുടങ്ങി ഒരു വർഷത്തിലധികമായെങ്കിലും ഓൺലൈൻ ക്ലാസിൽ കണ്ടുള്ള പരിചയം മാത്രമായിരുന്നു റിൻഷയ്‌ക്കും അനാമികയ്‌ക്കും ഗൗരീകൃഷ്‌ണയ്‌ക്കുമുള്ളത്‌. വെള്ളിയാഴ്‌ച പ്ലസ്‌ വൺ പരീക്ഷയെഴുതാൻ നടക്കാവ്‌ ഗവ. ഗേൾസ്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയപ്പോൾ അവർ ഹൃദയംകൊണ്ട്‌ സൗഹൃദം പുതുക്കി,  ക്ലാസ്‌ മുറികളെ തൊട്ടറിഞ്ഞു. പരീക്ഷാ പേടിക്കിടയിലും നന്ദനക്കും ദേവികാ നായർക്കുമെല്ലാം ഒരു കൊല്ലത്തെ വിശേഷങ്ങൾ പങ്കുവയ്ക്കാനുണ്ടായിരുന്നു. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ നേരിട്ട്‌ കാണാതെ, സംസാരിക്കാതെ കൂട്ടുകെട്ടിന്റെ പുതുവഴികൾ തീർക്കാതെ ഒരു അധ്യയന വർഷമാണ്‌ പ്ലസ്‌ വൺ വിദ്യാർഥികൾ കഴിച്ചുകൂട്ടിയത്‌.  
സെപ്‌തംബർ ആറിനായിരുന്നു പരീക്ഷ തുടങ്ങേണ്ടിയിരുന്നത്‌. എന്നാൽ കോടതി ഇടപെടലിനെ തുടർന്നാണ്‌ വൈകിയത്‌. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കായുള്ള പരീക്ഷ ഒക്‌ടോബർ 18ന്‌ അവസാനിക്കും. 
രാവിലെ 9.40ന്‌ ആരംഭിച്ച പരീക്ഷയ്‌ക്കായി വിദ്യാർഥികൾ നേരത്തെതന്നെ ഹാജരായി. മൈക്രോ പ്ലാൻ തയ്യാറാക്കി കർശന നിയന്ത്രണങ്ങളാണ്‌ വിദ്യാലയങ്ങൾ ഒരുക്കിയത്‌. കവാടത്തിൽ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിച്ച ശേഷമാണ്‌ കുട്ടികളെ കടത്തിവിട്ടത്‌. ഓരോ ക്ലാസ്‌മറിയിലും സാനിറ്റൈസറും ഒരുക്കി. കൈ കഴുകാനുള്ള സംവിധാനവും തയ്യാറാക്കി. കുട്ടികൾ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ അധ്യാപകരുടെ സംഘവും ഉണ്ടായി. വിദ്യാർഥികളെ കൂട്ടംകൂടാനോ പേനകൾ, ബുക്കുകൾ എന്നിവ കൈമാറ്റം ചെയ്യാനോ അനുവദിച്ചില്ല. 
കോവിഡ്‌ ബാധിതർക്കും സമ്പർക്ക പട്ടികയിലുള്ളവർക്കും പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ്‌ മുറികൾ ഒരുക്കി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top