20 October Wednesday
യുവാവ് യുഎഇയില്‍ നിയമക്കുരുക്കില്‍

നീതികിട്ടുമെന്ന പ്രതീക്ഷയിൽ
കുടുംബത്തിന്റെ കാത്തിരിപ്പ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
മുക്കം
വ്യാജരേഖ ചമച്ച് സ്ഥാപന ഉടമ വഞ്ചിച്ചതിനാൽ ദുബായിൽ നിയമക്കുരുക്കിൽപ്പെട്ട് മലയാളി യുവാവ്. കൊടിയത്തൂര്‍ ചെറുവാടി കറുവാടുങ്ങല്‍ കേലത്ത് വീട്ടില്‍ രാമചന്ദ്രന്റെയും ദേവകിയുടെയും മകൻ ലാലുപ്രസാദ് എന്ന ലാലു (29) ആണ് യുഎഇയില്‍ നിയമക്കുരുക്കില്‍പ്പെട്ടിരിക്കുന്നത്. 
 സ്ഥാപന ഉടമ ചമച്ച വ്യാജരേഖയുടെ  ഉത്തരവാദിത്വം ജീവനക്കാരനായ യുവാവിന്റെ തലയിൽ കെട്ടിവച്ചതാണ് കേസില്‍ ഉള്‍പ്പെടാന്‍ കാരണമായതെന്ന് ലാലുവിന്റെ മാതാപിതാക്കളും നാട്ടുകാരും പറയുന്നു. മാര്‍ച്ചില്‍ ദുബായില്‍ ജോലി തേടിപ്പോയ ലാലുവിന് ദേരയിലെ ഒരു സ്ഥാപനത്തില്‍ അക്കൗണ്ടന്റായാണ് ജോലി ലഭിച്ചത്. ഉടമ ലാലുവിന് ഒരു ഇ മെയില്‍ അയക്കുകയും പ്രിന്റെടുത്ത് ഒരു വിലാസത്തില്‍ കൊറിയര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയുംചെയ്തു. ഇതനുസരിച്ച്‌ കൊറിയര്‍ ചെയ്തു. എന്നാല്‍ ഇത് വ്യാജരേഖകളായിരുന്നു. കൊറിയര്‍ ലഭിച്ച വ്യക്തിയുടെ പരാതിയില്‍ ദുബായ്‌ പൊലീസ് കേസെടുത്തു. സ്ഥാപന ഉടമ ലാലുവില്‍നിന്ന്‌ ഇത് മറച്ചുവച്ചു. ലാലുവിന്റെ മേല്‍ കുറ്റം ചുമത്താനായി വിസ ആവശ്യത്തിനെന്ന പേരില്‍ അറബിയില്‍ തയ്യാറാക്കിയ ഡോക്യുമെന്റിലും ഉടമ ലാലുവിനെക്കൊണ്ട് ഒപ്പുവയ്‌പ്പിച്ചു. വൈകിയാണ് തനിക്കെതിരെ കേസെടുത്ത കാര്യം ലാലു അറിയുന്നത്.
        20,000 ദിര്‍ഹം പിഴത്തുകയായി നല്‍കാനും  നാടുകടത്താനും കോടതി വിധിച്ചു.  നാട്ടുകാരായ പ്രവാസി സുഹൃത്തുക്കളുടെ  കൂട്ടായ്മയാണ്‌ ലാലുവിന്റെ നിരപരാധിത്വം തെളിയിക്കാനായി  നിയമപോരാട്ടം തുടരാന്‍ തീരുമാനിച്ചത്‌. തുടർന്ന് കേസില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അയല്‍വാസിയായ സുഹൃത്തിന്റെ സഹായത്തിലാണ് ലാലു ദുബായില്‍ കഴിയുന്നത്. 
     നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയാണ് ലാലുപ്രസാദ്. അമ്മയുടെ സഹോദരിയും ഇവരോടൊപ്പമാണ് താമസിക്കുന്നത്. മാതാപിതാക്കള്‍ നിത്യരോഗികളാണ്. ഏകമകന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.  മകന്റെ നിരപരാധിത്വം തെളിയിക്കാനായി  വിദേശകാര്യവകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top