19 September Thursday

മെഡി. കോളേജ്–-കാരന്തൂർ റോഡ്‌ നാലുവരിയാക്കാൻ 205 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
സ്വന്തം ലേഖിക
കോഴിക്കോട്‌
അരയിടത്തുപാലം–-കാരന്തൂർ റോഡിന്റെ സമഗ്ര വികസനത്തിന്റെ ആദ്യഘട്ടത്തിനായി 205 കോടി രൂപ അനുവദിച്ചു.  മെഡിക്കൽ കോളേജ്‌ മുതൽ കാരന്തൂർ വരെ നാല്‌ വരിയാക്കാനുള്ള പദ്ധതിക്കാണ്‌ പണം വിനിയോഗിക്കുക. തിരുവനന്തപുരത്ത്‌ ചേർന്ന കിഫ്‌ബി എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയാണ്‌ ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി പണം അനുവദിച്ചത്‌.  ഒരു മാസത്തിനകം റവന്യൂ വിഭാഗം സ്ഥലമേറ്റെടുക്കും.
എ പ്രദീപ്‌ കുമാർ എംഎൽഎയുടെ നിർദേശം ഉൾപ്പെടുത്തിയാണ്‌ പദ്ധതിക്ക്‌ രൂപം നൽകിയത്‌. അരയിടത്തു പാലം–-കാരന്തൂർ റോഡ്‌  വികസനം  840 കോടി രൂപയുടെ പദ്ധതിയാണ്‌. അരയിടത്ത്‌ പാലം മുതൽ മെഡിക്കൽ കോളേജ്‌ വരെ ആറു വരിയായും കോളേജ്‌ മുതൽ കാരന്തൂർ വരെ നാല്‌ വരിയായുമാണ്‌ വികസിപ്പിക്കുക. ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി ഉൾപ്പെടുന്ന ഈ റൂട്ടിലെ ഗതാഗതക്കുരുക്ക്‌  പരിഹരിക്കാനാണിത്‌.  മുക്കം, കൊടുവള്ളി,  വയനാട്‌ ഭാഗങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളും കെഎസ്‌ആർടിസിയും പോകുന്ന ഈ വഴിയിൽ വൻ തിരക്കാണ്‌. മൂന്ന്‌ ഓവർ ബ്രിഡ്‌ജും മൂന്ന്‌ അണ്ടർപാസും പദ്ധതിയിലുൾപ്പെടും. ഇത്‌ വരുന്നതോടെ ഈ റൂട്ടിലെ അപകടങ്ങളും ബ്ലോക്കും ഒഴിവാക്കാം.
ഒരു വർഷം മുമ്പാണ്‌ റോഡ്‌ വികസനത്തിനുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറാക്കി പൊതുമരാമത്ത്‌ വിഭാഗം കിഫ്‌ബിയിൽ സമർപ്പിച്ചത്‌. 
കെട്ടിടങ്ങൾ പരമാവധി പൊളിക്കാത്ത രീതിയിലാണ്‌ സ്ഥലമേറ്റെടുപ്പ്‌ ആസൂത്രണംചെയ്യുക. അരയിടത്ത്‌ പാലം മുതൽ മെഡിക്കൽ കോളേജ്‌ വരെ 32 മീറ്ററും കോളേജ്‌ മുതൽ കാരന്തൂർവരെ 24 മീറ്ററും വീതിയിലാണ്‌ വികസിപ്പിക്കുക. കോളേജ്‌ മുതൽ കാരന്തൂർവരെ  നിലവിൽ ആറ്‌ മുതൽ 11 മീറ്റർ വരെയാണ്‌ വീതി. 
അപകടസാധ്യതയുള്ള കാരന്തൂർ, ചേവായൂർ ജങ്‌ഷനുകൾ നവീകരിക്കും.  കെഎസ്‌ആർടിസി സ്‌റ്റാൻഡ്‌ മുതൽ അരയിടത്ത്‌ പാലം വരെയും  പൊറ്റമ്മൽ, കോവൂർ ജങ്‌ഷനുകളിലുമാണ്‌ ഓവർ ബ്രിഡ്‌ജ്‌ വരുന്നത്‌. കാവ്‌ സ്‌റ്റോപ്പിൽനിന്ന്‌ തൊണ്ടയാട്‌ ജങ്‌ഷന്‌ താഴെയായി  രാമനാട്ടുകര ഭാഗത്തേക്കും, പ്രസന്റേഷൻ സ്‌കൂൾ മുതൽ ചേവായൂർ ജങ്‌ഷൻ വരെയും മെഡിക്കൽ കോളേജ്‌ ജങ്‌ഷൻ മുതൽ ഐഎംസിഎച്ച്‌ വരെയുമാണ്‌ അണ്ടർപാസ്‌.
പ്രധാന വാർത്തകൾ
 Top