22 October Tuesday

നഷ്ടം 114 കോടി

സ്വന്തം ലേഖകൻUpdated: Sunday Aug 25, 2019

തൊട്ടിൽപ്പാലം‐വടകര പാതയിൽ കുറ്റ്യാടി ജങ്‌ഷന്‌ സമീപം തകർന്ന റോഡ്‌

കോഴിക്കോട്‌
ജില്ലയിൽ പ്രളയത്തിൽ തകർന്നത്‌ 115 റോഡുകൾ. നാല്‌ ഡിവിഷനുകളിലായി  310.984 കിലോ മീറ്റർ റോഡിലാണ്‌   കനത്തമഴ ആഘാതമേൽപ്പിച്ചത്‌.   ജില്ലാ പൊതുമരാമത്ത്‌ റോഡ്‌ വിഭാഗം തിട്ടപ്പെടുത്തിയ കണക്കു പ്രകാരം മൊത്തം 114 കോടിയുടെ നഷ്ടമുണ്ടായി. 
മലയോര മേഖലകളിലാണ്‌ റോഡ്‌ കൂടുതലും കുത്തിയൊലിച്ചുപോയത്‌. മണ്ണിടിഞ്ഞതും  മരങ്ങൾ വീണതുമാണ്‌  പാതകൾക്ക്‌ വിനയായത്‌. കൊയിലാണ്ടി, കോഴിക്കോട്‌, കൊടുവള്ളി, വടകര സബ്‌ ഡിവിഷനുകളിലായിട്ടാണ്‌ മേജർ റോഡുകളിൽ  310 കിലോമീറ്റർ റോഡ്‌ ഇല്ലാതായത്‌. കഴിഞ്ഞ തവണ ജില്ലയിൽ 1782 കിലോമീറ്റർ റോഡ്‌ പ്രളയത്തിൽ തകർന്നിരുന്നു.
കോഴിക്കോട്‌ ഡിവിഷനിലാണ്‌ കൂടുതൽ റോഡ്‌ തകർന്നത്‌. 49 റോഡുകളിൽ 111.53 കിലോമീറ്റർ പാത ഇല്ലാതായി.  നഷ്ടം–-98 കോടി. കൊയിലാണ്ടിയിൽ  36.49, കൊടുവള്ളിയിൽ 8.96, വടകരയിൽ 154.1 കിലോമീറ്റർ റോഡുകൾ  പൊട്ടിപ്പൊളിഞ്ഞു. കൊയിലാണ്ടി ഡിവിഷണിൽപെട്ട എകരൂൽ –-കക്കയം റോഡിലാണ്‌ മണ്ണിടിഞ്ഞും ടാർതകർന്നും പാതയിൽ കനത്ത നാശമുണ്ടായത്‌.  ഡിവിഷനിൽ 7.23കോടിയുടെ നഷ്ടമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.   
സംസ്ഥാന പാത 34, 38, 68 എന്നിവയുടെ പരിധിയിൽവരുന്ന റോഡുകളിലും നാശമുണ്ടായിട്ടുണ്ട്‌.  ഉള്ള്യേരി, കടിയങ്ങാട്‌ എന്നിവിടങ്ങളിലും വെള്ളം കയറി റോഡ്‌ മോശമായി. ചിപ്പിലിത്തോട്‌–-തുഷാരഗിരി റോഡും തകർന്നു.  പൂനൂർ അങ്ങാടി റോഡ്‌ താണിട്ടുണ്ട്‌. ഇവിടെ റോഡ്‌ ഉയർത്തണമെന്നും നിർദേശമുണ്ട്‌.
പാലങ്ങളും തകർന്നു
കനത്തമഴയിൽ തിരുവമ്പാടി മണ്ഡലത്തിലെ പോത്തുണ്ടിപ്പാലം പൂർണമായും തകർന്നു. കൈവരികളും തകർന്നിട്ടുണ്ട്‌. പാലത്തിന്റെ പുനർനിർമാണത്തിനായി ഒന്നരക്കോടിയുടെ പദ്ധതി സമർപ്പിച്ചതായി പിഡബ്ല്യൂഡി പാലം വിഭാഗത്തിൽനിന്നും അറിയിച്ചു. 
ഉരുൾപൊട്ടി ജീവഹാനിയുണ്ടായ വിലങ്ങാടിൽ രണ്ട്‌ പാലങ്ങൾ തകർന്നിട്ടുണ്ട്‌. നാദാപുരം മണ്ഡലത്തിൽപ്പെട്ട ഉരുട്ടിപ്പാലം,  വിലങ്ങാട്‌ പാലം എന്നിവയാണ്‌ വെള്ളപ്പൊക്കത്തിൽ ഇല്ലാതായത്‌. ഉരുട്ടിപ്പാലത്തിന്റെ പുനർനിർമാണത്തിനായി 20ലക്ഷത്തിന്റെ ടെൻഡർ വിളിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top