13 August Saturday

ഇന്ത്യയിൽ തുടർപഠനം അനുവദിക്കണം ഉക്രയ്‌ൻ വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

 

കോഴിക്കോട്‌
ഇന്ത്യയിൽ തുടർപഠനത്തിന്‌ സാഹചര്യമൊരുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഉക്രയ്‌നിൽ നിന്ന്‌ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിക്കുന്നു. നാഷണൽ മെഡിക്കൽ കമീഷന്റെ നിലവിലുള്ള ചട്ടപ്രകാരം ഒറ്റ സ്ഥാപനത്തിൽനിന്ന്‌ തന്നെ കോഴ്‌സ്‌ പൂർത്തിയാക്കണം. യുദ്ധസാഹചര്യം പരിഗണിച്ച്‌ ഈ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമാണ്‌ കോടതിയിൽ ഉന്നയിക്കുക.  
 കേരളത്തിൽ നിന്ന്‌ 1600 വിദ്യാർഥികൾ ഉക്രയ്‌നിൽ മെഡിക്കൽ പഠനം നടത്തുന്നുണ്ടെന്നാണ്‌ നോർക്കയുടെ കണക്ക്‌. മടങ്ങിയെത്തിയ വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന്‌ രൂപീകരിച്ച ഓൾ കേരള ഉക്രയ്‌ൻ സ്‌റ്റുഡന്റ്‌സ്‌ അസോസിയേഷനാണ്‌ നിയമ നടപടി ആരംഭിക്കുന്നത്‌. ഈ ആവശ്യമുന്നയിച്ച്‌ പ്രവാസി ലീഗൽ സെൽ എന്ന സംഘടന  ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്‌.  അഡ്വ. റാണാ പ്രതാപ്‌ നൽകിയ പൊതുതാൽപ്പര്യ ഹർജിയുമുണ്ട്‌. 
      ഉക്രയ്‌നിൽ സമീപഭാവിയിലൊന്നും പഠനം പുനരാരംഭിക്കാനുള്ള സാഹചര്യമില്ലെന്ന്‌ മടങ്ങിയെത്തിയ വിദ്യാർഥികൾ പറയുന്നു. ഇവരുടെ   മാനസിക സംഘർഷവും ഭീതിയും വിട്ടുമാറിയിട്ടില്ല. 
നേരത്തേ പരിമിതമായ ഓൺലൈൻ പഠനം ഉണ്ടായിരുന്നുവെങ്കിലും സെമസ്‌റ്റർ പരീക്ഷ തീർന്നതോടെ അതും നിലച്ചതായി രക്ഷിതാവായ ബദരിയ്യ അബ്‌ദുല്ല പറഞ്ഞു. 
      ഉക്രയ്‌നിന്റെ അയൽരാജ്യങ്ങളിൽ പഠനസൗകര്യമൊരുക്കാനാണ്‌ കേന്ദ്രസർക്കാർ നീക്കം. ഹംഗറി, ഹോളണ്ട്‌, ചെകസ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിൽ മൂന്നും നാലും മടങ്ങാണ്‌ ഫീസും ജീവിതച്ചെലവുമെന്നതിനാൽ പലർക്കും  പഠനം പുനരാരംഭിക്കാനാവില്ല. പല അയൽരാജ്യങ്ങളും യുദ്ധപങ്കാളികൾ ആയതിനാൽ സുരക്ഷാഭീഷണിയുമുണ്ട്‌. 
      പഠനം മുടങ്ങിയവർക്ക്‌ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒബ്‌സർവേഷൻ ക്ലാസ്‌ അനുവദിക്കണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കും.  വീടും സ്ഥലവും പണയപ്പെടുത്തിയാണ്‌ പലരും വിദ്യാഭ്യാസ വായ്‌പയെടുത്തത്‌. വായ്‌പക്ക്‌ രണ്ടുവർഷമെങ്കിലും മൊറട്ടോറിയം അനുവദിക്കണം. നോർക്ക ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ  മാനുഷിക പരിഗണനയോടെ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.  മടങ്ങിയവരുടെ യാത്രാരേഖകളും പഠനസർട്ടിഫിക്കറ്റുകളും ബാഗേജും എത്തിക്കണമെന്ന ആവശ്യവും  ഉന്നയിക്കും.  ഭാവി പരിപാടി  ആലോചിക്കാൻ ഞായറാഴ്‌ച കോഴിക്കോട്‌ ഇൻഡോർ സ്‌റ്റേഡിയത്തിൽ യോഗം ചേരുമെന്ന്‌ ജില്ലാ ഭാരവാഹിയായ രമേഷ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top