15 September Sunday

നഗരപാതാ നവീകരണം രണ്ടാംഘട്ടം: സർവേ ജൂണിൽ തുടങ്ങും

സ്വന്തം ലേഖികUpdated: Saturday May 25, 2019

 

 
കോഴിക്കോട‌്
ജില്ലയിലെ നഗരപാതാ നവീകരണത്തിന്റെ രണ്ടാംഘട്ടത്തിനുള്ള സർവേ ജൂണിൽ ആരംഭിക്കും. സംസ്ഥാന സർക്കാർ കേരള റോഡ‌് ഫണ്ട‌് ബോർഡ‌് മുഖാന്തിരം നടപ്പാക്കുന്ന പദ്ധതിയുടെ ഡിപിആർ (ഡീറ്റൈയിൽഡ‌് പ്രൊജക്ട‌് റിപ്പോർട്ട‌്) തയ്യാറാക്കുന്നതിന്റെ ഭാഗമായാണ‌് സർവേ നടത്തുന്നത‌്. പൊതുമരാമത്ത‌് വിഭാഗം തയ്യാറാക്കുന്ന ഡിപിആറിനായി എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ‌് സർവേ നടത്തുക. ഇത‌് സംബന്ധിച്ച‌ ധാരണാപത്രം  ഒരാഴ‌്ചയ‌്ക്കകം ഒപ്പുവയ‌്ക്കും. കഴിഞ്ഞ ഏപ്രിൽ മാസം ഡിപിആർ തയ്യാറാക്കാനാണ‌് പിഡബ്ല്യൂഡി തീരുമാനിച്ചത‌്. എന്നാൽ തെരഞ്ഞെടുപ്പ‌് പെരുമാറ്റച്ചട്ടം വന്നതോടെ  കരാർ നൽകുന്നത‌് നീട്ടി. 
10 റോഡും ഒരു മേൽപ്പാലവുമാണ‌് രണ്ടാം ഘട്ടത്തിൽ അന്താരാഷ‌്ട്ര നിലവാരത്തിൽ നിർമിക്കുക. ഇതിൽ മൂന്നെണ്ണത്തിന്റെ ഡിപിആർ ആദ്യഘട്ടത്തിലെ റോഡുകൾക്കൊപ്പം തയ്യാറാക്കിയിരുന്നു. അത‌് പുതുക്കും. റോഡുകളുടെ വീതി, സമീപത്തെ സ്ഥല വിവരങ്ങൾ തുടങ്ങിയവയാണ‌് സർവേയിൽ എടുക്കുക. തുടർന്ന‌് മൂന്ന‌് മാസത്തിനകം ഡിപിആർ തയ്യാറാക്കി പിഡബ്ല്യൂഡി റോഡ‌് ഫണ്ട‌് ബോർഡിന‌് കൈമാറും. സർക്കാർ അനുമതി ലഭിച്ചാലുടൻ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും.   
35 കിലോമീറ്റർ നീളത്തിലാണ‌് റോഡ‌് നവീകരണം. മാനാഞ്ചിറ–-പാവങ്ങാട‌്, പുതിയങ്ങാടി–-തണ്ണീർപന്തൽ, വെസ‌്റ്റ‌്ഹിൽ ചുങ്കം–-ഭട്ട‌്റോഡ‌്, മിനി ബൈപാസ‌്–-പനാത്ത‌് താഴം, മാങ്കാവ‌്–-പൊക്കുന്ന‌്–-പന്തീരാങ്കാവ‌് റോഡ‌്, കല്ലുത്താൻ കടവ‌്–-മീഞ്ചന്ത, കോതിപ്പാലം–-ചക്കുംകടവ‌്–-പന്നിയങ്കര, നേരത്തെ ഡിപിആർ തയ്യാറാക്കിയ മൂഴിക്കൽ–-കാളാണ്ടിതാഴം, കോവൂർ–-മെഡിക്കൽ കോളേജ‌്–-മുണ്ടിക്കൽത്താഴം, കരിക്കാംകുളം–-സിവിൽ സ‌്റ്റേഷൻ–-കോട്ടൂളി എന്നിവയാണ‌് രണ്ടാം ഘട്ടത്തിലെ  റോഡുകൾ. ഈ റോഡുകളിൽ ചില ഭാഗങ്ങൾ കിഫ‌്ബി വഴി ചെയ്യുന്നുണ്ട‌്. അതിനാൽ 10 റോഡുകളുടെ നീളത്തിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ  ഉണ്ടാകും. 
മിനിബൈപാസ‌്–-പനാത്ത‌് താഴം റോഡിൽ സരോവരം ബയോപാർക്കിന‌് മുകളിലൂടെയാണ‌് മേൽപ്പാലം നിർമിക്കുക. നഗരപാതാ പദ്ധതിയിൽ ആദ്യഘട്ടത്തിൽ പൂർത്തീകരിച്ച ആറ‌് റോഡുകളിലേതുപോലെ ഇന്റർലോക്ക‌് വിരിച്ച നടപ്പാത, ഇരുമ്പ‌് കൈവരികൾ, സിഗ‌്നൽ, പുൽത്തകിടി തുടങ്ങിയവയെല്ലാം രണ്ടാം ഘട്ടത്തിലും ഉണ്ടാകും. മേൽപ്പാലത്തിൽ നടപ്പാത, വിളക്കുകൾ തുടങ്ങിയവയും ഉൾപ്പെടുത്തും. മാനാഞ്ചിറ–-പാവങ്ങാട‌് റോഡ‌്  നാല‌് വരിയായാണ‌് നവീകരിക്കുക. ബാക്കി ഒമ്പത‌് റോഡുകൾ രണ്ടുവരിയാണ‌്.

 

പ്രധാന വാർത്തകൾ
 Top