27 May Wednesday

ഇനി വീടാണ്‌ ലോകം‌

സ്വന്തം ലേഖികUpdated: Wednesday Mar 25, 2020

 

 
കോഴിക്കോട്‌ 
  സംസ്ഥാനത്ത്‌ ലോക്ക്‌ഡൗൺ നിലവിൽ വന്ന  ദിവസവും രാവിലെ കോഴിക്കോട്‌ ബീച്ചിൽ നടക്കാനെത്തിയവരുണ്ടായിരുന്നു. ഒളിമ്പിക്സ്‌ പോലും മാറ്റിവയ്ക്കുമ്പോഴാണോ നിങ്ങളിങ്ങനെ നടക്കാനിറങ്ങിയതെന്ന്‌ ടൗൺ സിഐ എ ഉമേഷ്‌ ചോദിച്ചപ്പോൾ എല്ലാവരും  പിന്മാറി. കർശന നിയന്ത്രണത്തിന്റെ ഗൗരവമറിയാതെയാണ്‌ ചൊവ്വാഴ്‌ച പലരും പുറത്തിറങ്ങിയത്‌. രാവിലെ കറങ്ങാനിറങ്ങിയവരുമുണ്ടായിരുന്നു. ഇതോടെ  കർശന മുന്നറിയിപ്പുമായി  നഗരം മുഴുവൻ പൊലീസെത്തി. അത്യാവശ്യങ്ങൾക്കല്ലാത്തവരെയെല്ലാം തിരിച്ചയച്ചു. രാവിലെ കണ്ട തിരക്കുകൾ അപ്രത്യക്ഷമായതോടെ അടച്ചൂപൂട്ടിയ പ്രതീതിയായി. 
   അവശ്യസാധനങ്ങളും മരുന്നും വാങ്ങാൻ പോകുന്നവരെ  കടത്തിവിട്ടു. ആശുപത്രിയിൽ പോകാനിറങ്ങിയവരുമേറെ. പച്ചക്കറി വാങ്ങാൻ വീട്ടിൽ നിന്ന് രണ്ടുപേർ വരേണ്ടെന്നായിരുന്നു പൊലീസ്‌ ഉപദേശം.  നഗരത്തിൽ മിഠായിത്തെരുവ്‌ പരിസരം, ബാങ്ക് റോഡ് ജങ്‌ഷൻ, ബീച്ചിൽ കോർപറേഷൻ ഓഫീസിനു സമീപം, പാളയം, മൊഫ്യൂസിൽ ബസ്‌സ്‌റ്റാൻഡ്‌, മലാപ്പറമ്പ് ജങ്‌ഷൻ, തൊണ്ടയാട് ജങ്‌ഷൻ എന്നിവിടങ്ങളിലായിരുന്നു പരിശോധന.  
  ജനതാ കർഫ്യൂവിന്റെ പിറ്റേന്നും  ജില്ല വിജനമായിരുന്നു. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമാണ്‌ ആളുകൾ പുറത്തിറങ്ങിയത്‌.  ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ ചൊവ്വാഴ്‌ച  അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. കൂട്ടംകൂടി നിൽക്കാതെ മീനും വിറ്റു.   പാളയം  മാർക്കറ്റിൽനിന്ന് വിവിധയിടങ്ങളിലേക്ക് പച്ചക്കറി ചില്ലറ വിൽപ്പനക്കായി കൊണ്ടുപോയി.
പ്രധാന വാർത്തകൾ
 Top