കോഴിക്കോട്
ഇന്ത്യക്കും ഷാർജയ്ക്കുമിടയിലെ സാംസ്കാരിക വിനിമയം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന നിർദിഷ്ട ‘ഇൻഡോ–-ഷാർജ സാംസ്കാരിക കേന്ദ്രം’ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ. ഒളവണ്ണയിലെ പാലക്കുറുമ്പിൽ കുന്നിലെ പന്ത്രണ്ടര ഹെക്ടറിലാണ് ബൃഹത് സംരംഭം വരുന്നത്.
ഭൂമി വില നിശ്ചയിക്കുന്നതിന് സ്ഥല ഉടമകളുമായുള്ള ഡിഎൽപിസി(ഡിസ്ട്രിക്ട് ലാൻഡ് പർച്ചേസ് കമ്മിറ്റി) യോഗം വ്യാഴാഴ്ച ചേരും. ഒരു മാസത്തിനുള്ളിൽ ഏറ്റെടുക്കൽ നടപടി ആരംഭിക്കും. തുടർന്ന് പദ്ധതി നടത്തിപ്പിനായി റവന്യൂ വിഭാഗം ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറും.
ഷാർജ ഭരണാധികാരിയായ ഷേക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസിമിയുടെ 2017ലെ കേരള സന്ദർശന വേളയിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കാനായി ജില്ലയിൽ വിദ്യാഭ്യാസ–-സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. സംസ്ഥാന സർക്കാരാണ് സ്ഥലം കണ്ടെത്തി നൽകേണ്ടത്. തുടർന്നാണ് സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക സമുച്ചയ നിർമാണ നടപടി ആരംഭിച്ചത്. പ്രധാനമായും വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള സാംസ്കാരിക സമുച്ചയം, അന്തർദേശീയ കൺവൻഷൻ സെന്റർ, പ്രദർശന ഹാൾ എന്നിവയടങ്ങുന്നതാണ് ഇൻഡോ–-ഷാർജ സാംസ്കാരിക കേന്ദ്രം.
നൃത്തം, സംഗീതം, ചിത്രരചന തുടങ്ങി കലാ സാഹിത്യ പ്രവർത്തനങ്ങൾക്ക് സ്ഥിരം കേന്ദ്രം എന്ന കാഴ്ചപ്പാടിലാണ് ഇതൊരുക്കുന്നത്. സംഗീത നൃത്ത ശാലകൾ, ഗ്രന്ഥശാല, ആർട് ഗ്യാലറി, ഓപ്പൺ എയർ തിയേറ്റർ തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളോടൊപ്പം ഷാർജയുടെ സംസ്കാരം, ഭാഷ, കല, ഭക്ഷണം തുടങ്ങിയവ അറിയാനുള്ള കേന്ദ്രമായും ഇതിനെ വിഭാവനം ചെയ്യുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..