28 February Sunday

മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപനം നിർവഹിച്ചു സമ്പൂര്‍ണ ഹോം ലാബ് പദവി നേടി ജില്ല

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

 

കോഴിക്കോട്‌
ജില്ലയിൽ സമ്പൂർണ ഹോം ലാബ് പൂർത്തീകരണ പ്രഖ്യാപനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഹോം ലാബ്  പ്രവർത്തനങ്ങളിലൂടെ കുടുംബത്തിന്റെ വിദ്യാഭ്യാസരംഗത്തെ  ഇടപെടലിന് സാധ്യത വർധിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.  
അനുകരണീയവും മാതൃകാപരവുമായ ഹോം ലാബ് പദ്ധതി വിജയകരമായി നടപ്പാക്കാൻ  ഡയറ്റിന്  സാധിച്ചു. ഗവേഷണ രംഗത്തും ഡയറ്റ്  ഇടപെടണം.  കേവലം പരീക്ഷയ്ക്കുള്ള പഠനമാണ് വിദ്യാഭ്യാസം എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതി മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വലിയ സമഗ്രമായ ജനകീയ പ്രക്രിയയാണ് വിദ്യാഭ്യാസം. അത്‌ നടപ്പാക്കുന്നതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല അധ്യക്ഷയായി. 1280 വിദ്യാലയങ്ങളിൽനിന്നായി ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ മൂന്നു ലക്ഷത്തിലധികം വിദ്യാർഥികളാണ് ഹോം ലാബ് പദ്ധതിയുടെ ഭാഗമായത്. ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് (ഡയറ്റ്) ഇതിന് നേതൃത്വം നൽകിയത്.  പാഠ്യപദ്ധതിയിലെ പരീക്ഷണങ്ങൾ വീട്ടിൽ തന്നെ ചെയ്യുന്നതിന് എളുപ്പം ലഭ്യമായ സാമഗ്രികൾ കുട്ടികൾ ശേഖരിച്ച് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ഒരു പരീക്ഷണ മൂല തയ്യാറാക്കുന്നതാണ്‌ ഹോം ലാബ്‌. ലാബിന്റെ തുടർ പ്രവർത്തനങ്ങളുടെ സാധ്യതകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഡയറ്റ് തയ്യാറാക്കിയിട്ടുണ്ട്.
ഹോംലാബ് തുടർപ്രവർത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ  ഉപഡയരക്ടർ വി പി മിനി പ്രകാശനം ചെയ്തു. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയരായ ക്ലൈവ് തോംസൺ(ശാസ്ത്രജ്ഞൻ റോത്തർ ഹാം യൂണിവേഴ്സിറ്റി), ഡോ. അജിപീറ്റർ (സീനിയർ കൺസൾട്ടന്റ് സയിന്റിസ്റ്റ് ബ്രൂണൽ യൂണിവേഴ്സിറ്റി ലണ്ടൻ) എന്നിവർ മുഖ്യാതിഥികളായി. 
ഹയർ സെക്കൻഡറി റീജ്യണൽ ഡയറക്ടർ ഗോകുലകൃഷ്ണൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി അസി. ഡയറക്ടർ സെൽവമണി, സമഗ്രമിക്ഷ കേരള കോഴിക്കോട് ഡിപിസി ഡോ. അബ്ദുൽ ഹക്കീം, വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി കെ വാസു,  എഇഒ ജയരാജൻ നാമത്ത്,  ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ  തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top