28 November Saturday

സ്‌കൂൾ പൊളിച്ച് വിൽക്കുന്നത്‌ രക്ഷിതാക്കൾ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയ പറമ്പിൽക്കടവ് എംഎഎം യുപി സ്‌കൂൾ പൈതൃക കെട്ടിടം

കുരുവട്ടൂർ  
പറമ്പിൽക്കടവ് എംഎഎം യുപി സ്‌കൂളിന്റെ പൈതൃക കെട്ടിടം പൊളിച്ച് വിൽപ്പന നടത്തുന്നത്‌ രക്ഷിതാക്കൾ ഇടപെട്ട് തടഞ്ഞു.  അയോഗ്യനാക്കപ്പെട്ട സ്‌കൂൾ മാനേജർ ഷാജു തട്ടാരക്കലിന്റെ നീക്കമാണ്‌  രക്ഷിതാക്കൾ തടഞ്ഞത്‌. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ പേരിലുള്ള സംസ്ഥാനത്തെ ആദ്യ വിദ്യാലയമാണിത്. 
കോഴിക്കോട് ടൗൺഹാൾ മാതൃകയിലുള്ള പൈതൃക കെട്ടിടമാണ് പൊളിച്ച് വിൽപ്പന നടത്തിയത്. സ്‌കൂൾ നടത്തിപ്പിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഷാജു തട്ടാരക്കലിനെ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ വി പി മിനി  അയോഗ്യനാക്കിയതാണ്.  കുരുവട്ടൂർ  പഞ്ചായത്ത് പ്രസിഡന്റ്‌ പി അപ്പുക്കുട്ടൻ, സ്‌കൂൾ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ എം കെ കുട്ടികൃഷ്ണൻ നമ്പ്യാർ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. അനധികൃത കെട്ടിട നിർമാണം, സ്‌കൂളിന്റെ സ്ഥലം വിൽപ്പന തുടങ്ങി ഒട്ടേറെ ആരോപണങ്ങളുടെ പേരിൽ കോടതി നടപടി നേരിടുന്ന വ്യക്തിയാണ്  മാനേജർ. 
പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ ആറ് കക്കൂസുകൾ ഉപയോഗശൂന്യമായി.  സ്കൂൾ കെട്ടിടത്തിൽ  കക്കൂസുകൾ ഇല്ലാത്ത അവസ്ഥയാണ്. പൊളിച്ചുമാറ്റിയ കെട്ടിടത്തിലെ വൈദ്യുത കണക്‌ഷൻ വിച്ഛേദിക്കാത്തതിനാൽ അപകട ഭീഷണിയുമുണ്ട്‌. സ്‌കൂൾ കെട്ടിടം പൊളിച്ച് വിൽപ്പന നടത്തിയ മാനേജർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  അധികാരികൾക്ക്  നിവേദനം നൽകാൻ രക്ഷിതാക്കൾ തീരുമാനിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top