20 October Tuesday

232 പേർക്ക്‌ രോഗം: കോവിഡിന്റെ ‘പാളയം’

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കോഴിക്കോട് 
കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഓണത്തിരക്കുകൾക്ക്‌ ശേഷം  പച്ചക്കറി കച്ചവടക്കാർ, ഉന്തുവണ്ടി കച്ചവടക്കാർ, പോർട്ടർമാർ എന്നിങ്ങനെ 760 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് 30 ശതമാനം പേർക്കും  കോവിഡ് കണ്ടെത്തിയത്‌. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാർക്കറ്റ് അടച്ചിട്ടു. ഇനി ഒരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ മാർക്കറ്റ്‌ തുറക്കില്ലെന്ന്‌ കോർപറേഷൻ ആരോഗ്യ വിഭാഗം അറിയിച്ചു. 
ബുധനാഴ്‌ച അയ്യത്താൻ സ്‌കൂളിലാണ്‌ പരിശോധനാ ക്യാമ്പ്‌ നടന്നത്‌. കോവിഡ്‌ ബാധിച്ചവരിൽ  ലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽത്തന്നെ ചികിത്സിക്കും. 363 പേർക്ക്‌ സമ്പർക്കം വഴിയാണ് രോഗം. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. സമ്പർക്കമുള്ളതിനാൽ പരിശോധനയിൽ നെഗറ്റീവായ മുഴുവൻപേരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്‌.
മാർക്കറ്റ്‌ അടയ്‌ക്കുന്നതിന്‌ മുമ്പായി ബുധനാഴ്‌ച സാധനങ്ങൾ വേങ്ങേരി കാർഷിക മൊത്തവിപണന കേന്ദ്രത്തിലേക്ക്‌ മാറ്റാനുള്ള സൗകര്യം നൽകിയിരുന്നു. പാളയത്ത്‌ പച്ചക്കറി ഇറക്കുന്ന വാഹനങ്ങൾക്ക്‌ വേങ്ങേരിയിൽ സാധനങ്ങൾ ഇറക്കാം. ഈ പരിസരങ്ങളിൽ കോവിഡ്‌ സമ്പർക്ക പട്ടികയിലില്ലാത്ത പാളയത്തെ  കച്ചവടക്കാർക്ക്‌ വ്യാപാരം നടത്താം.  1500 ഓളം പേരാണ്‌ പാളയം മാർക്കറ്റുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നത്‌. ഇതിൽ ദിവസങ്ങളായി മാർക്കറ്റിൽ വരാത്തവരും ഉണ്ട്‌. ശേഷിക്കുന്നവർക്ക്‌ അടുത്ത ദിവസം പരിശോധനാ ക്യാമ്പ്‌‌ നടത്തും. 
ഇതുൾപ്പെടെ ബുധനാഴ്‌ച  കോർപറേഷൻ മേഖലയിൽ 442 പേർക്കാണ്‌‌ രോഗം സ്ഥിരീകരിച്ചത്‌. 1604 പേരിലാണ്‌ പരിശോധന നടത്തിയത്‌. ബേപ്പൂർ മേഖലയിൽ 38 കേസ്‌ ഒഴിച്ചാൽ ബാക്കിയെല്ലാം പഴയ കോർപറേഷൻ പരിധിയിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top