20 October Tuesday

ഒളിമങ്ങാത്ത ഓർമയായി ഒഞ്ചിയം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച്‌ അഭിവാദ്യംചെയ്യുന്നു

ഒഞ്ചിയം 
കോൺഗ്രസ്‌ കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറപുരണ്ട ഒഞ്ചിയം മണ്ണിൽ അണയാത്ത പ്രതിഷേധജ്വാല. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ഒഞ്ചിയം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം റോഡിൽ നടന്ന രക്തസാക്ഷി കുടുബ സംഗമം ചരിത്രം മായ്ക്കാത്ത കനലോർമയായി. 
കോൺഗ്രസ് ഭരണപിന്തുണയിൽ അരങ്ങേറിയ 48ലെ വെടിവെപ്പിൽ ഒഞ്ചിയത്തിന് നഷ്ടമായത് എട്ട് രണധീരരെയാണ്‌.  ചെന്നാട്ട് താഴവയലിലാണ്‌ ഇവർ പിടഞ്ഞുവീണത്‌. അളവക്കൻ കൃഷ്ണൻ, കെ എം ശങ്കരൻ, വി പി ഗോപാലൻ, വട്ടക്കണ്ടി രാഘൂട്ടി, സി കെ ചാത്തു, മേനോൻ കണാരൻ, പുറവിൽ കണാരൻ, പാറോള്ളതിൽ കണാരൻ എന്നിവരായിരുന്നു ചോരചിന്തിയ പോരാളികൾ. വെടിവെപ്പിനെ തുടർന്ന്  പൊലിസിന്റെയും ചെറുപയർ പട്ടാളത്തിന്റെയും ഭീകര മർദനത്തിൻ മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും രക്തസാക്ഷികളായി. 
കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവും സേവാദൾ വളന്റിയറുമായ മുല്ലപ്പള്ളി ഗോപാലന്റെ  നേതൃത്വത്തിൽ നടന്ന കമ്യുണിസ്റ്റ് വേട്ടയുടെ കറുത്ത നാളുകളെക്കുറിച്ച്‌ വേദിയിൽ ചർച്ചയായി. ഒളിമങ്ങാത്ത സമരോർമകളുമായാണ്‌‌ കുടുംബാംഗങ്ങൾ സംഗമത്തിനെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രക്തസാക്ഷി കുടുംബങ്ങളിലെ പഴയ തലമുറയിലുള്ളവരും പുതുതലമുറയിലെ അംഗങ്ങളും ഒത്തുചേർന്നു. ഏരിയയിലെ ജനപ്രതിനിധികളും പങ്കെടുത്തു. 
ഒഞ്ചിയം സമരത്തിൽ രക്തസാക്ഷിത്വം വരിച്ചവർ, വള്ളിക്കാട് കുടികിടപ്പ് സമരത്തിൽ രക്തസാക്ഷിയായ വി പി വാസു, മടപ്പള്ളി കോളേജിൽ ആർഎസ്എസുകാർ കൊലപ്പെടുത്തിയ പി കെ രമേശൻ ഉൾപ്പെടെയുള്ള പന്ത്രണ്ട്‌ രക്തസാക്ഷികളുടെ ഓർമകൾ തുളുമ്പിയ അന്തരീക്ഷത്തിൽ പ്രവർത്തകർ രക്തസാക്ഷിമണ്ഡപത്തിൽ പൂക്കൾ അർപ്പിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ച്‌ പരിപാടി ഉദ്ഘാടനംചെയ്തു. ഇ എം ദയാനന്ദൻ അധ്യക്ഷനായി. പി ശ്രീധരൻ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top