28 September Tuesday

സ്വപ്‌നമായിരുന്നു ഒളിമ്പിക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

മയൂഖ ജോണി

കോഴിക്കോട്‌
കോഴിക്കോടിന്റെ  മലയോരത്തുനിന്ന്‌ ഇന്ത്യൻ സ്‌പോർട്‌സിന്റെ നെറുകയിലെത്തിയവളാണ്‌ മയൂഖ ജോണി. ടോക്യോയിൽ ഒളിമ്പിക്‌സ്‌ അരങ്ങേറുമ്പോൾ അവർക്കും പറയാനുണ്ട്‌ മനോഹരമായ ഓർമകളെക്കുറിച്ചും ഒപ്പം ഇത്തവണത്തെ വനിതകളില്ലാത്ത കേരളത്തിന്റെ നഷ്ടത്തെക്കുറിച്ചും. 
 ‘സ്പോർട്‌സിനെ പ്രണയിച്ചുതുടങ്ങിയതുമുതൽ മനസ്സിൽ കയറിയതാണ്‌ ഒളിമ്പിക്‌സ്‌ വേദി. ഒരുതവണയെങ്കിലും ലോക മത്സരവേദിയിൽ മാറ്റുരയ്‌ക്കണം. ആ സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌ 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലാണ്‌’–- മയൂഖ പറഞ്ഞു. ട്രിപ്പിൾ ജമ്പിലായിരുന്നു മത്സരം. 2011ൽ ഒളിമ്പിക്‌സിനുള്ള പച്ചക്കൊടി കിട്ടി. തുടർന്ന്‌ ആറുമാസത്തോളം വിദേശകോച്ചിന്റെ കീഴിൽ ജർമനിയിൽ പരിശീലനം. അവിടുന്നാണ്‌ ലണ്ടനിലേക്ക്‌ എത്തുന്നത്‌. പ്രതികൂല കാലാവസ്ഥയും മറ്റും മത്സരത്തെ ബാധിച്ചെങ്കിലും ലോക താരങ്ങൾക്ക് മുന്നിൽ പതറാതെ നിന്നു. 2016 ൽ നടന്ന ബ്രസീൽ ഒളിമ്പിക്‌സിൽ പരിക്ക്‌ തടസ്സമായി. 
  ഇത്തവണ കേരളത്തിൽനിന്ന്‌ വനിതാ അത്‌ലറ്റ്‌ ഇല്ലാത്തത്‌ നിരാശാജനകമാണ്‌. ഇന്ത്യൻ അത്‌ലറ്റിക്‌സ്‌ എന്നുപറഞ്ഞാൽ കേരളത്തിലുള്ളവരുടെ പ്രകടനങ്ങളാണ്‌ മനസ്സിൽ നിറയുക. പി ടി ഉഷ, ഷൈനി വിൽസൺ തുടങ്ങി നിരവധിപേരുണ്ട്‌. ഒരുതവണ ഇന്ത്യൻ ടീമിൽ രണ്ടുവനിതകൾ മാത്രമായിരുന്നപ്പോൾ അതിലൊരാൾ  ഷൈനി വിൽസനായിരുന്നു.  ഇത്തവണ ഒരാളും യോഗ്യത നേടിയില്ല എന്നത്‌ സങ്കടകരമാണ്‌. ചിലപ്പോൾ കോവിഡ്‌ വില്ലനായതാകാം–- മയൂഖ പറഞ്ഞു. 
   കൂരാച്ചുണ്ടിലെ കല്ലാനോട്‌ മാതാളി കുന്നേൽ ജോണിയുടെയും ലൂസി ജോണിയുടെയും മകളായ മയൂഖ  പത്താംക്ലാസിന്‌ ശേഷമാണ്‌ സ്‌പോർട്‌സ്‌ ജീവിതത്തിന്റെ ഭാഗമാക്കുന്നത്‌.  15ാം വയസ്സിൽ പരീശീലനംപോലും നേടാതെയാണ്‌ ദേശീയചാമ്പ്യൻഷിപ്പിൽ വിജയിയായത്‌. ഇതോടെ  തലശേരി സായിയിൽ പ്രവേശനം ലഭിച്ചു. ലോങ്ജമ്പും ട്രിപ്പിൾ ജമ്പും ഇഷ്ട ഇനം. 2008ൽ ചിദംബരത്തുനടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്‌ലറ്റിക്‌ മീറ്റിൽ റെക്കോഡ്‌ തിരുത്തി. കൊളംബോയിൽനടന്ന ജൂനിയർ സാഫ്‌ മീറ്റിലും  സ്വർണം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top