20 July Saturday

കൃഷ്ണനും കുടുംബത്തിനും ‘നാടിന്റെ സ്നേഹവീട്’ കൈമാറി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019
നാദാപുരം 
മാനമിരുണ്ടാൽ മനസിൽ ആശങ്കയേറുന്ന നാളുകൾ പിലാവുള്ള കുന്നുമ്മൽ കൃഷ്ണനും കുടുംബത്തിനും ഇനിയുണ്ടാകില്ല. വളയം പഞ്ചായത്തും ജനകീയ കമ്മറ്റിയും ചേർന്ന‌് പൂങ്കുളത്ത് നിർമിച്ചുനൽകിയ സ‌്നേഹവീടിന്റെ തണലിൽ കൃഷ്ണനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം.   
90കാരനായ കൃഷ്ണനും ഭാര്യ മാതയും മക്കളായ അശോകൻ, ബാബു, ശാന്ത എന്നിവർക്കൊപ്പം  20 വർഷത്തോളമായി കുന്നിൻമുകളിൽ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലായ വീട്ടിലായിരുന്നു താമസം. മക്കളായ ബാബുവും ശാന്തയും മാനസികവെല്ലുവിളി നേരിടുന്നവരുമാണ്. വാർധക്യത്തിന്റെ അവശതകളും രോഗങ്ങളും കൃഷ‌്ണനെ തളർത്തിയതോടെ കുടുംബത്തിന്റെ ജീവിതം ദുരിതപൂർണമായി. 
രോഗികളായ മക്കളുടെ പരിചരണവും ചികിത്സക്കും ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെയാണ‌് നാട്ടുകാർ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത‌്. ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നൽകിയ നാല‌് ലക്ഷം രൂപയും നാട്ടുകാർ സ്വരൂപിച്ച തുകയും ചേർത്ത‌്  10 ലക്ഷത്തോളം രൂപ ചെലവിലാണ് സ്നേഹവീട് നിർമിച്ചത്. പരേതനായ കരുവാന്റവിടെ കണ്ണൻ നായരുടെ കുടുബമാണ‌് വീട് നിർമിക്കാൻ ആറ‌് സെന്റ‌് സ്ഥലം നൽകിയത‌്.  
വീടിന്റെ താക്കോൽ വളയം പഞ്ചായത്ത് പ്രസിഡന്റ‌് എം സുമതി കുടുംബത്തിന‌് കൈമാറി. എ കെ രവീന്ദ്രൻ അധ്യക്ഷനായി. കെ പി പ്രദീഷ്, പി എസ് പ്രീത, പി കെ ശങ്കരൻ, വി പി ശശിധരൻ, കെ ടി കുഞ്ഞിക്കണ്ണൻ, വി കെ രവീന്ദ്രൻ, പി കെ ചന്ദ്രൻ, എ പി സുരേഷ്, എം പി മിഥുൻ എന്നിവർ സംസാരിച്ചു. നിർമാണ കമ്മിറ്റി സെക്രട്ടറി എൻ കെ ഗിരീശൻ സ്വാഗതം പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top