22 February Saturday

എല്ലാവരും വരില്ലേ? ഇന്ന് ഡയാനയുടെ വീട് താമസമാണ്

വെബ് ഡെസ്‌ക്‌Updated: Friday Jan 24, 2020

പേരാമ്പ്രയിൽ ചെരുപ്പ് തുന്നി ഉപജീവനം നടത്തുന്ന ഡയാന ലിസിക്ക് നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റും കെയർ ഫൗണ്ടേഷനും ചേർന്ന് നിര്‍മിച്ച് നല്‍കുന്ന വീട്

പേരാമ്പ്ര
ഇന്ന് ഡയാന ലിസിയുടെ വീട് താമസമാണ്. ചെരിപ്പ് തുന്നിക്കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നല്‍കിയ നമ്മുടെ ഡയാനയുടെ. കാല്‍നൂറ്റാണ്ടോളം പേരാമ്പ്ര ന​ഗരത്തില്‍ ചെരിപ്പ് തുന്നി ജീവിച്ച ഡയാനക്ക് ഇനി സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം.  ഉണ്ണിക്കുന്നുംചാലിലെ വാടകക്കെട്ടിടത്തില്‍നിന്ന്‌ ഇന്ന് ചേനോളി  പള്ളിമുക്കിലെ  പുതുവീട്ടിലേക്ക് താമസം മാറും. 
നൊച്ചാട് ഹയർ സെക്കന്‍ഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും കെയർ ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ്  വീടൊരുക്കിയത്.
രാജസ്ഥാനിൽനിന്ന് ബന്ധുക്കളുടെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ്‌ നാടുവിട്ട്‌ പേരാമ്പ്രയിലെത്തിയതാണ് ഡയാന. തുച്ഛമായ വരുമാനംകൊണ്ട് ജീവകാരുണ്യ പ്രവർത്തനത്തിലും പാവപ്പെട്ട വിദ്യാർഥികളുടെ പഠനത്തിലും സജീവമായിരുന്നു. പേരാമ്പ്ര ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ വളന്റിയറായ ഇവർ ആഴ്ചയിലൊരിക്കൽ ഹോം കെയർ പ്രവർത്തനങ്ങളിലും പങ്കാളിയാവാറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതൃകയായ ഡയാനക്കുള്ള ആദരമായാണ്  വീട് നിര്‍മിച്ച് നൽകുന്നത്.
നാലുസെന്റ് സ്ഥലത്ത് 450 സ്‌ക്വയർ ഫീറ്റിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട്. 13.5 ലക്ഷത്തോളം രൂപ ചെലവ് വരും. വിദ്യാർഥികളും സേവനമനസ്കരായ തൊഴിലാളികളുമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
സ്വന്തമായി ഒരു വീട് കിട്ടിയതിൽ സന്തോഷമുണ്ട്. തന്നെ  കുടുംബാംഗത്തെപ്പോലെ പരിഗണിച്ച ഉണ്ണിക്കുന്നുംചാൽ പ്രദേശത്തുകാരെ വിട്ടുപോരുന്നതില്‍ വിഷമമുണ്ട്.  തന്നെ സ്നേഹിക്കുന്ന മുഴുവൻ പേരും ഗൃഹ പ്രവേശനത്തിന് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഡയാന പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മുതൽ നടക്കുന്ന  ഗൃഹപ്രവേശം ആഘോഷമാക്കാനുള്ള  തയ്യാറെടുപ്പിലാണ് നാട്ടുകാര്‍. വീട് നിര്‍മാണത്തിനാവശ്യമായ ഫണ്ട്‌ സമാഹരിക്കാൻ  28ന്  ഉത്സവ രാവ് പരിപാടി മമ്മിളിക്കുളം ഇ എം എസ് സ്റ്റേഡിയത്തിൽ നടത്തും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top