30 November Monday

മുഖം മാറി കൊയിലാണ്ടി

എ സജീവ്‌കുമാർUpdated: Monday Nov 23, 2020

 

 
കൊയിലാണ്ടി
‘‘മത്സ്യമേഖലയുമായി ബന്ധപ്പെടുന്നവർ മുഴുവൻ വല്യ സന്തോഷത്തിലാ... എന്തൊരു മാറ്റമാണിത്? സൗകര്യങ്ങൾ കൂടി’’–- കൊയിലാണ്ടി ഹാർബറിൽ ലോറിയിലേക്ക് മത്സ്യം പാക്ക് ചെയ്യുന്ന തൊഴിലാളിയായ വിയ്യൂർ സ്വദേശി മോഹനൻ പുതിയ ഹാർബർ യാഥാർഥ്യമായ ശേഷമുള്ള കൊയിലാണ്ടി തീരത്തെക്കുറിച്ച് പറയുകയാണ്‌. 20 വർഷമായി കൊയിലാണ്ടി ചുങ്കത്ത് തൊഴിലെടുക്കുന്നയാളാണ് ഇദ്ദേഹം. മീൻ പിടിക്കാൻ പോകുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും അനുബന്ധ തൊഴിലാളികൾക്കുമെല്ലാം പുതിയ സൗകര്യങ്ങളെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ്. പുതിയാപ്പയേക്കാൾ രണ്ടര ഇരട്ടിയും ചോമ്പാലിനേക്കാൾ മൂന്നര ഇരട്ടിയും വലുപ്പമേറിയതാണ് കൊയിലാണ്ടി ഹാർബർ. 1200 ഓളം ബോട്ടുകൾക്ക് ഇവിടെ നങ്കൂരമിടാം. 63.99 കോടി രൂപയാണ് ആകെ ചെലവായത്. 
കൊയിലാണ്ടി മത്സ്യബന്ധന തുറമുഖം കഴിഞ്ഞ മാസമാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഹാർബർ തയ്യാറായതോടെ കിലോമീറ്ററുകൾ താണ്ടി ചോമ്പാലിലും പുതിയാപ്പയിലും കടലിലേക്കിറങ്ങുന്ന അവസ്ഥയിൽനിന്ന് അയ്യായിരത്തോളം മത്സ്യത്തൊഴിലാളികൾക്കാണ്‌ ആശ്വാസതീരമൊരുങ്ങിയത്‌.  
1996ലാണ് കൊയിലാണ്ടിക്ക് ഫിഷിങ്‌ ഹാർബർ എന്ന ആവശ്യവുമായി അന്നത്തെ കൊയിലാണ്ടി എംഎൽഎ പി വിശ്വൻ ചെയർമാനും പി പി ശിവദാസൻ കൺവീനറുമായി  ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്‌. 1999ൽ ഇ കെ നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ടി കെ രാമകൃഷ്ണന്റെ ഇടപെടലിൽ 2000ലെ  ബജറ്റിൽ ഹാർബറിനെക്കുറിച്ച് പഠിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചു. 2006ലെ എൽഡിഎഫ്‌ സർക്കാർ ആദ്യ ബജറ്റിൽ 34 കോടി രൂപ വകയിരുത്തി, അതേവർഷം ഡിസംബർ 17ന് തറക്കല്ലിട്ടു. രണ്ടുവർഷംകൊണ്ട് മൂന്നിൽ രണ്ടുഭാഗവും തീർത്തു. എന്നാൽ തുടർന്നു വന്ന യുഡിഎഫ് ഭരണത്തിൽ കാര്യമായൊന്നും നടന്നില്ല.  
ഇത്തവണ എൽഡിഎഫ്‌ വന്നശേഷം നിർമാണം വേഗത്തിലാക്കി. വടക്കുഭാഗത്ത് 1600ഉം തെക്കുഭാഗത്ത് 915ഉം മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിച്ചു.180 മീറ്റർ നീളമുള്ള വാർഫ്, 5000 ചതുരശ്രഅടി  വിസ്‌തീർണമുള്ള ലേലപ്പുര, മലിനജല ശുദ്ധീകരണ പ്ലാന്റ്‌, റോഡുകൾ, കാന്റീൻ, പാർക്കിങ്‌ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെയൊരുക്കിയിട്ടുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top