13 November Wednesday

ലോഗ് ബുക്ക് കാണാതായ സംഭവം: വളയം പൊലീസ് കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2019

 

നാദാപുരം 
വാണിമേൽ പഞ്ചായത്ത് ഓഫീസ്‌ വാഹനത്തിന്റെ 2011-–-12 ലെ ലോഗ് ബുക്ക് കാണാതായ സംഭവത്തിൽ വളയം പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറി വിനു ജോസിന്റെ  പരാതിയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തത്‌. വാണിമേൽ പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ എൻ കെ മൂസ ഇരട്ട വേതനം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട കേസിലെ നിർണായക തെളിവാണ്‌ നഷ്‌ടമായ ലോഗ്‌ ബുക്ക്‌. 
എൻ കെ മൂസ സ്കൂളിൽ ഹാജരായി ഒപ്പുവച്ച അതേസമയത്തുതന്നെ പഞ്ചായത്ത് വാഹനത്തിൽ യാത്രചെയ്തതായും രേഖപ്പെടുത്തിയതിന്റെ തെളിവാണിത്‌. കേസ്‌ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ലോഗ് ബുക്ക്‌ എപ്പോൾ വേണമെങ്കിലും ഹാജരാക്കാമെന്ന ഉറപ്പിൽ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കെ മധുമോഹൻ കോടതിയിൽനിന്ന് ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇത്‌ പിന്നിട് കാണാതാവുകയായിരുന്നു.
കേസ് പരിഗണനക്ക് വന്നപ്പോൾ ലോഗ് ബുക്ക് ഹാജരാക്കാൻ  കോടതി നിരന്തരം ആവശ്യപ്പെട്ടെങ്കിലും കാണാനില്ലെന്നാണ് സെക്രട്ടറി കോടതിയെ അറിയിച്ചത്. തുടർന്ന് വിവരാവകാശ നിയമപ്രകാരം ലോഗ് ബുക്കിന്റെ പകർപ്പിന് അപേക്ഷിച്ചപ്പോൾ  ലോഗ് ബുക്ക്‌   ലഭ്യമല്ലെന്നാണ്‌ പഞ്ചായത്ത് അധികൃതർ നൽകിയ മറുപടി. 
രണ്ടാം അപ്പീലിൽ ലോഗ്‌ ബുക്ക് ഹാജരാക്കാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതോടെയാണ്‌ പഞ്ചായത്ത്‌ സെക്രട്ടറി വിനു ജോസ്‌ വളയം പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം പൊലീസ് വാണിമേൽ പഞ്ചായത്ത്‌ ഓഫീസിലെത്തി അന്വേഷണം നടത്തി.
പ്രധാന വാർത്തകൾ
 Top