13 November Wednesday

കെജിഒഎ സഹായഹസ്‌തം സുരേഷിനും -ശകുന്തളയ്‌ക്കും വീടായി

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019

 

 
കക്കോടി 
ലൈഫ് പദ്ധതിയുമായി സഹകരിക്കുന്ന കെജിഒഎ ഉന്നതമായ സാമൂഹ്യ ഉത്തരവാദിത്തമാണ് നിറവേറ്റുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ചീക്കിലോട്‌ പുളിക്ക്യൂൽ മീത്തൽ സുരേഷ്–-ശകുന്തള ദമ്പതികൾക്ക് കെജിഒഎ ജില്ലാ കമ്മിറ്റി നിർമിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു മന്ത്രി. നാലു ഘട്ടങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ ഭവനരഹിതർക്കം താമസയോഗ്യമായ വീടുകൾ നിർമിച്ചു നൽകും. വീടില്ലാത്ത ഒരു കുടുംബവും ഉണ്ടാവാൻ പാടില്ല. ലൈഫ് പദ്ധതിയിൽ 1,37,000 വീടുകളാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിൽ ഒരു ലക്ഷം വീടുകൾ പൂർത്തിയായി. 56 ഫ്ലാറ്റ് സമുച്ചയങ്ങൾക്കും തുടക്കമായി.  ഇടുക്കിയിൽ 217 കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന അധ്യക്ഷയായി. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. നിർമാണ കമ്മിറ്റി കൺവീനർ പി ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ രാജൻ, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി സത്യൻ, കെഎസ്ടിഎ ജില്ലാ സെക്രട്ടറി ടി കെ അരവിന്ദൻ, കെ എംസിഎസ്‌യു സംസ്ഥാന സെക്രട്ടറി വി പി ഉണ്ണികൃഷ്ണൻ,  വിമല തേറോത്ത്,  പി വിശ്വൻ എന്നിവർ സംസാരിച്ചു. 
കെജിഒ എ ജില്ലാ സെക്രട്ടറി എം വാസുദേവൻ സ്വാഗതവും ജില്ലാ പ്രസിഡന്റ് ഡോ. കെ ഷാജി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top