20 September Friday

കൈയേറ്റവും അനധികൃത നിർമാണവും ചാലിയാർ തീരത്ത് മണ്ണിടിച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

ഫറോക്ക് പഴയപാലത്തിന് സമീപം ചാലിയാറിന്റെ തീരം ഇടിഞ്ഞനിലയിൽ

ഫറോക്ക് 
പ്രളയദിനങ്ങളിൽ നാടാകെ നാശംവിതച്ച ചാലിയാറിന്റെ തീരത്ത് വ്യാപക മണ്ണിടിച്ചിൽ. ഏറെ അപകടകരമായ നിലയിലാണ് പലേടങ്ങളിലും ചാലിയാർ തീരത്തിന്റെ സ്ഥിതി. ഇതിനിടയിലും പുഴയോരം കൈയേറിയുള്ള സ്വകാര്യ വ്യക്തികളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്‌. നാളിതുവരെ കാണാത്ത രീതിയിലാണ്‌ ഇത്തവണ ചാലിയാർ നിറഞ്ഞൊഴുകിയത്‌. സാധാരണ ജലവിതാനത്തിൽനിന്ന്‌ 15 അടിയോളം ഉയരത്തിലായിരുന്നു ഒഴുക്ക്. ഇതേ തുടർന്ന് തീരവും സമീപപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളം പിൻവലിഞ്ഞതോടെ മിക്കയിടങ്ങളിലും  പുഴയോരം ഇടിയുകയാണ്. ഭിത്തിയില്ലാത്തിടങ്ങളിലാണ് മണ്ണിടിച്ചിൽ.
ഫറോക്ക് പഴയപാലത്തിന് സമീപം ഏറെ നീളത്തിൽ പുഴയോരം ഇടിഞ്ഞ്‌ കല്ലും മണ്ണും പുഴയിലേക്കിറങ്ങുകയാണ്. രാമനാട്ടുകര നഗരസഭാ പരിധിയിലെ പരുത്തിപ്പാറ, കോടമ്പുഴ, ഫറോക്ക് നഗരസഭയിലെ പേട്ട, കരുവൻതിരുത്തി, കോർപറേഷൻ പരിധിയിലെ ബേപ്പൂർ, കൊളത്തറ എന്നിവിടങ്ങളിലെല്ലാം കരയിടിച്ചിലുണ്ട്. തീരസംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യത്തിന് പുറമെ അനധികൃത കൈയേറ്റക്കാരിൽനിന്ന്‌ തീരങ്ങളെ മോചിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. 
കോർപറേഷൻ പരിധിയിലും രാമനാട്ടുകര, ഫറോക്ക് നഗരസഭകളിലും ഉൾപ്പെട്ട പുഴയോരങ്ങൾ വൻതോതിൽ മതിൽ കെട്ടി കൈയേറുകയാണ്‌. തദ്ദേശ സ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും അനുമതിയില്ലാതെയാണ് മിക്കയിടങ്ങളിലും നിർമാണം. ഫറോക്കിൽ നഗരസഭാ കാര്യാലയത്തിന് അരികിൽ പുഴയിലേക്കിറക്കിയാണ് കോൺക്രീറ്റ് മതിൽ നിർമിച്ചത്. വീട് പുനർ നിർമാണമെന്ന പേരിൽ കോടതി ഉത്തരവ് മറയാക്കിയാണ്‌  നിർമാണം. പേട്ട, കോടമ്പുഴ, പരുത്തിപ്പാറ എന്നിവിടങ്ങളിലും കൈയേറ്റവും അനധികൃത നിർമാണവും വ്യാപകമാണ്‌.

 

പ്രധാന വാർത്തകൾ
 Top