02 June Tuesday

5 പേര്‍ക്കുകൂടി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

 കോഴിക്കോട് 

ജില്ലയിൽ വെള്ളിയാഴ്‌ച അഞ്ചുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  55 വയസ്സുള്ള അരിക്കുളം സ്വദേശി, തിക്കോടി സ്വദേശിയായ 46കാരൻ, 39കാരനായ വടകര താഴെയങ്ങാടി സ്വദേശി, ചാലപ്പുറത്തെ 42കാരൻ, അഴിയൂരിലെ 32കാരൻ  എന്നിവർക്കാണ്‌ രോഗബാധ. ആദ്യമായാണ്‌ ജില്ലയിൽ ഇത്രയും പേർക്ക്‌‌ രോഗബാധയുണ്ടാകുന്നത്‌. ഇതോടെ മെഡിക്കൽ കോളേജിലും കോവിഡ്‌ സെന്ററിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19 ആയി. ഇതിൽ 16പേർ  കോഴിക്കോട്‌‌ സ്വദേശികളും മൂന്നുപേർ മലപ്പുറം, കണ്ണൂർ, കാസർകോട്‌ സ്വദേശികളുമാണ്‌.  
  വെള്ളിയാഴ്‌ച രോഗം സ്ഥിരീകരിച്ച അരിക്കുളം സ്വദേശി  ഏഴിന്‌ രാത്രി അബുദാബിയിൽനിന്ന് കരിപ്പൂരിലെത്തി കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. 18ന് സ്രവ സാമ്പിൾ പരിശോധനയിൽ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്. അരിക്കുളത്ത്‌ മുംബൈയിൽ നിന്നെത്തിയ 22കാരന്‌ ബുധനാഴ്‌ച രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ  പ്രദേശത്ത്‌ രണ്ടുപേർ രോഗബാധിതരായി.  
 തിക്കോടി സ്വദേശി കുവൈത്ത്‌–-കരിപ്പൂർ വിമാനത്തിൽ 13ന് എത്തി. തുടർന്ന്‌ കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.  21 ന് സ്രവ സാമ്പിൾ പരിശോധനയിൽ രോഗബാധ കണ്ടെത്തി. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ ചികിത്സയിലാണ്.  
വടകര താഴെയങ്ങാടി സ്വദേശി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ്.  അവിടെ താമസിച്ച് ജോലി ചെയ്യുകയാണ്.  ലക്ഷണങ്ങളെ തുടർന്ന് 20ന് സ്രവ സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.   കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.  
  ചാലപ്പുറം സ്വദേശി 20ന് കുവൈത്ത്‌–-കണ്ണൂർ വിമാനത്തിൽ എത്തുകയും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും  പരിശോധനയിൽ രോഗം കണ്ടെത്തുകയും   ചെയ്തു. 
 അഴിയൂർ സ്വദേശി  20ന് കുവൈത്ത്‌–-കണ്ണൂർ വിമാനത്തിൽ എത്തുകയും രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട്‌ പോസിറ്റീവ് ആയി.  എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ പറഞ്ഞു.   
 537 പേർകൂടി നിരീക്ഷണത്തിൽ
ജില്ലയിൽ വെള്ളിയാഴ്‌ച പുതുതായി വന്ന 537 പേർ ഉൾപ്പെടെ 5735 പേർ നിരീക്ഷണത്തിൽ. ജില്ലയിൽ ഇതുവരെ 25,940 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായി വന്ന 33 പേർ ഉൾപ്പെടെ 70 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 49 പേർ മെഡിക്കൽ കോളേജിലും 21 പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ്‌ സെന്ററായ  ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേർ മെഡിക്കൽ കോളേജിൽനിന്ന്‌ ഡിസ്ചാർജ് ആയി.   
 ഇന്ന് 197 സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.  ആകെ 3408 സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3227  ഫലം ലഭിച്ചു. ഇതിൽ 3182   നെഗറ്റീവ് ആണ്. 181 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 
 ജില്ലയിൽ വെള്ളിയാഴ്‌ച വന്ന 97 പേർ ഉൾപ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതിൽ 372 പേർ ജില്ലാ ഭരണകേന്ദ്രത്തിന്റെ  കോവിഡ് കെയർ സെന്ററിലും 504 പേർ വീടുകളിലും ആണ്. 13 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 113 പേർ ഗർഭിണികളാണ്.
പ്രധാന വാർത്തകൾ
 Top